ബോബി ചെമ്മണ്ണൂര്‍ ലൈംഗീകാധിക്ഷേപം നടത്തിയെന്ന നടി ഹണി റോസിന്‍റെ പരാതി വാര്‍ത്താ ചര്‍ച്ചകളില്‍ നിറയവേ പിന്തുണയുമായി എഴുത്തുകാരി ശാരദക്കുട്ടി. സ്വന്തം സൗന്ദര്യത്തിൽ വിശ്വസിക്കാനും അതിനെ പൊലിപ്പിക്കാനും  അതിലാനന്ദിക്കാനും അതു പ്രദർശിപ്പിക്കാനും അഭിനന്ദനം ഏറ്റുവാങ്ങാനുമുള്ള അവകാശം എല്ലാവർക്കുമുണ്ടെന്ന് ശാരദക്കുട്ടി ഫേസ്​ബുക്കില്‍ കുറിച്ചു.  പ്രതികരിക്കുന്ന പെണ്ണുങ്ങളെ ചട്ടം പഠിപ്പിക്കാൻ ചെല്ലരുതെന്നും അവര്‍ കുട്ടിച്ചേര്‍ത്തു. 

ഫേസ്​ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

പെണ്ണിന്‍റെ തലമുടി ലൈംഗികോത്തേജനമുണ്ടാക്കുന്നതിനാൽ സ്ത്രീകൾ ഭർത്താവല്ലാത്ത അന്യപുരുഷന്മാർക്കു മുന്നിൽ തലമുടി പ്രദർശിപ്പിക്കരുതെന്നും, വിധവകൾ തല മുണ്ഡനം ചെയ്യണമെന്നും വിധിച്ച സമുദായങ്ങൾ ഇവിടെയുണ്ട്. മുടി കൊണ്ട് നഗ്നമായ മാറിടം മറച്ചു നടന്ന അക്ക മഹാദേവി പറഞ്ഞത് എന്‍റെ മാറിടത്തിൽ കാമദേവന്‍റെ അടയാളമുണ്ട്, അത് നിങ്ങളെ വിറളി പിടിപ്പിക്കുമെന്നാണ്. പക്ഷേ സമൃദ്ധമായ മുടിയിലാകാം ചിലർ കാമമുദ്ര കാണുക. കാമനു കേളി വളർക്കാനും കോമനു കേറി ഒളിക്കാനും ഇടമുണ്ടവിടെ.

കണ്ണുകൾ ലൈംഗികോത്തേജനമുണ്ടാക്കുമെന്നും അതുകൊണ്ട് വലിയ പൊട്ടു തൊടണമെന്നും കണ്ണുകളുടെ ആകർഷണീയതയിൽ നിന്ന് പുരുഷനോട്ടത്തിന്‍റെ ശ്രദ്ധ പൊട്ടിലേക്ക് തിരിച്ചു വിടണമെന്നും പണ്ടൊരാൾ പ്രസംഗിക്കുന്നതു കേട്ടിട്ടുണ്ട്. കണ്ണ് ക്ഷണിക്കുമ്പോൾ പൊട്ട് തടയണമത്രേ. പൂമുഖവാതിൽ തുറന്നിട്ടിട്ട് തുളസിത്തറ കൊണ്ട് തടസ്സമുണ്ടാക്കുന്നത് പോലെയാണ്, ക്ഷണിക്കുന്ന കണ്ണിനെ പൊട്ട് തടയുന്നത് എന്നാണ് പ്രാസംഗികൻ ഉദാഹരിച്ചത്.

കണ്ണിനേക്കാൾ വശ്യത പൊട്ടിനും നെറ്റിക്കും മറുകിനും നുണക്കുഴിക്കും വരെ ഉണ്ടാകാം. അതൊക്കെ അറിയുന്നവരാണ് നമ്മളെല്ലാം. മുലയും നിതംബവും മാത്രമല്ല, നഖം, വയർ, കഴുത്ത് , തോൾ , കണങ്കാൽ, പാദം തുടങ്ങി ഏതവയവവും എപ്പോൾ വേണമെങ്കിലും ലൈംഗികോത്തേജനവസ്തുവാകാം. അത് ആണിന് മാത്രമല്ല പെണ്ണിനുമറിയാം. ചിലർ സമൃദ്ധമായ മുടി കൊണ്ട്  ചെയ്യുന്നതേ മറ്റു ചിലർ സമൃദ്ധമായ നിതംബം കൊണ്ട് ചെയ്യുന്നുള്ളു. 

സ്വന്തം സൗന്ദര്യത്തിൽ വിശ്വസിക്കാനും അതിനെ പൊലിപ്പിക്കാനും അതിലാനന്ദിക്കാനും അതു പ്രദർശിപ്പിക്കാനും അഭിനന്ദനം ഏറ്റുവാങ്ങാനും എനിക്കുള്ള അതേ അവകാശം എല്ലാവർക്കുമുണ്ട്.  അല്ലാതെ എന്‍റേതു വരെ ഓക്കെ, അതിനപ്പുറം കച്ചവടം എന്ന ന്യായം ശരിയല്ല. പ്രതികരിക്കുന്ന പെണ്ണുങ്ങളെ ചട്ടം പഠിപ്പിക്കാൻ ചെല്ലരുത്. സ്വയം വഞ്ചിച്ചു കൊണ്ട് സംസാരിക്കരുത് ആരും. 

എസ്. ശാരദക്കുട്ടി

ENGLISH SUMMARY:

Sharadakutty says that everyone has the right to believe in their own beauty, admire it, appreciate it, display it and receive compliments