ഇന്ധനവുമായി എത്തുന്ന ടാങ്കര്‍ ലോറിക്കാര്‍ കൈമടക്ക് ആവശ്യപ്പെടുന്നതിനെതിരെ പമ്പുടമകള്‍. പണം നല്‍കിയില്ലെങ്കില്‍ സമയത്ത് ലോഡ് എത്തിക്കാതെ ബുദ്ധിമുട്ടിക്കാറുണ്ടെന്നും, ഹിന്ദുസ്ഥാന്‍ പെട്രോളിയം കമ്പനി ഇടപെട്ട് ലോറിക്കാരെ നിയന്ത്രിച്ചില്ലെങ്കില്‍ സംസ്ഥാന വ്യാപകമായി പമ്പുകള്‍ അടച്ചിടുമെന്നും ഉടമകള്‍ മുന്നറിയിപ്പ് നല്‍കുന്നു.
ലോഡുമായി ദൂരങ്ങള്‍ താണ്ടി എത്തുന്ന ടാങ്കര്‍ ലോറി ഡ്രൈവര്‍മാര്‍ക്ക് ചായക്കുടിക്കാന്‍ പമ്പുടമകള്‍ ചെറിയ തുക നല്‍കുന്നത് പതിവാണ്. ഇപ്പോള്‍ അവകാശമെന്നോണം ഡ്രൈവര്‍മാര്‍ അതില്‍ വര്‍ധന ആവശ്യപ്പെട്ടതാണ് പമ്പുടമകളെ ചൊടിപ്പിച്ചത്. ആവശ്യപ്പെട്ട തുക നല്‍കാത്തവര്‍ക്ക് ടാങ്കര്‍ ഡ്രൈവര്‍മാര്‍ സമയത്തിന് ഇന്ധനം എത്തിച്ച് നല്‍കാതെ ബുദ്ധിമുട്ടിക്കുന്നുണ്ടെന്നും പമ്പുടമകള്‍ പരാതിപ്പെടുന്നു.
ഇന്ധന കമ്പനി ഇടപ്പെട്ട് പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ ആദ്യം കോഴിക്കോട് ജില്ലയിലും പിന്നീട് സംസ്ഥാന വ്യാപകമായും പമ്പുകള്‍ അടച്ചിട്ട് പ്രതിഷേധിക്കാനാണ് ഉടമകളുടെ തീരുമാനം.