ഹണി റോസിന്റെ ലൈംഗിക അധിക്ഷേപ പരാതിയില്‍ അറസ്റ്റിലായ ബോബി ചെമ്മണ്ണൂരിന് അന്വേഷണം പ്രാഥമികഘട്ടത്തില്‍ ആയതിനാല്‍ ജാമ്യം നല്‍കരുതെന്ന പ്രോസിക്യുഷന്‍ വാദം അംഗീകരിച്ചു. ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ട്. കുന്തിദേവി പരാമര്‍ശം ലൈംഗികാധിക്ഷേപമെന്നും കോടതി നിരീക്ഷിച്ചു. അഭിനന്ദനത്തിന്റെ രൂപത്തില്‍ അധിക്ഷേപം സമര്‍ഥമായി ഒളിച്ചുകടത്തി.
14 ദിവസത്തേക്കാണ് ബോബിയെ റിമാന്‍ഡ് ചെയ്തത്. എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടാണ് ബോബിയെ റിമാന്‍ഡ് ചെയ്തത്. ബോബിയുടെ വാദങ്ങളൊന്നും കോടതി അംഗീകരിച്ചില്ല. ബോബി കോടതി മുറിയില്‍ തലകറങ്ങി വീണു. ഉടന്‍ ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകും.
ഹണി റോസ് ഉന്നയിച്ച ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്നായിരുന്നു ബോബി ചെമ്മണ്ണൂർ കോടതിയിൽ ഉന്നയിച്ച പ്രധാന വാദം. താൻ പൊതുവേദിയിൽ നല്ല രീതിയിൽ ഉപയോഗിച്ച വാക്കുകൾ ഹണി റോസ് തെറ്റിദ്ധരിച്ചതാണെന്നും ബോബി കോടതിയിൽ വാദിച്ചു. ബോബിക്കായി മുതിർന്ന അഭിഭാഷകൻ രാമൻപിള്ള കോടതിയിൽ ഹാജരായി. ഹണി റോസിന്‍റെ രഹസ്യമൊഴിയും പൊലീസ് രേഖപ്പെടുത്തിയിരുന്നു.