bobby-chemmanur-supporters-

ഹണി റോസിന്റെ ലൈംഗിക അധിക്ഷേപ പരാതിയില്‍ റിമാന്‍ഡിലായ ബോബി ചെമ്മണ്ണൂരുമായി പോയ പൊലീസ് വാഹനം തടയാന്‍ ബോബിയുടെ അനുയായികളുടെ ശ്രമം. ബോബിയുടെ പരിശോധന കൃത്യമായി നടന്നില്ലെന്നാണ് അനുയായികളുടെ വാദം. നെഞ്ചുവേദനയുണ്ടെന്ന് ബോബി പറഞ്ഞു. പൊലീസ് ഗുണ്ടായിസം കാണിച്ചുവെന്നും ബോബിയുടെ അനുയായികള്‍ ആരോപിച്ചു. പ്രതിഷേധക്കാരെ പൊലീസ് ബലംപ്രയോഗിച്ച് നീക്കി

 

വിധി കേട്ട് കോടതി മുറിയില്‍ ബോബി തലകറങ്ങി വീണ ബോബി ചെമ്മണ്ണൂരിന്‍റെ വൈദ്യപരിശോധന ജനറല്‍ ആശുപത്രിയില്‍ നടത്തി. നട്ടെല്ലിനും കാലിനും പരുക്കെന്നായിരുന്നു വാദം. എക്സറേ, ഇ,സി.ജി, ഓക്സിജന്‍ ലെവല്‍, ബ്ലഡ് പ്രഷര്‍ എന്നി പരിശോധനകള്‍ക്ക് വിധേയനാക്കിയ ബോബിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ശരീരത്തില്‍ പരുക്കുകള്‍ ഇല്ലെന്നും പരിശോധന ഫലം. വീല്‍ചെയറില്‍ ബോബിയെ പുറത്തേക്ക് കൊണ്ടുവന്നത്. 

ജുഡീഷ്യൽ മജിസ്ട്രേട്ട് ജഡ്ജി എ. അഭിരാമി ബോബിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. ബോബി നിയമത്തിൽ നിന്ന് ഒളിച്ചോടുന്ന ആളല്ലെന്നും കുറ്റം ചെയ്തിട്ടില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ അഭിഭാഷകന്റെ വാദം. ചില പരാമർശങ്ങൾ തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയിട്ടുണ്ട്. ആലക്കോട് നടന്ന ഉദ്ഘാടന പരിപാടിക്കിടെ അപമാനിച്ചു എന്നതും ശരിയല്ല. ആ പരിപാടിയുടെ ദൃശ്യങ്ങൾ നടി തന്നെ പങ്കുവച്ചിരുന്നു. മാത്രമല്ല, 4 മാസം മുൻപാണ് ഈ സംഭവം നടന്നത്.

 

ഇപ്പോൾ മാത്രമാണ് ഇതിൽ പരാതി പറയുന്നത്. ഇത് അറസ്റ്റ് പോലും ചെയ്യേണ്ട കുറ്റകൃത്യമായിരുന്നില്ല. ആലക്കോട് നടന്ന പരിപാടിക്കു ശേഷം പരാതിക്കാരിയുമായി സൗഹൃദമുണ്ട്. ഇതിന്റെ തെളിവുകളും ഹാജരാക്കാൻ തയാറാണ്. അനുമതിയില്ലാതെ ശരീരത്തിൽ സ്പർശിച്ചു എന്നത് തെറ്റാണ് തുടങ്ങിയ വാദങ്ങളാണ് പ്രതിഭാഗം മുന്നോട്ടു വച്ചത്. എന്നാൽ ഇക്കാര്യങ്ങൾ അംഗീകരിക്കാതെ കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു.

ENGLISH SUMMARY:

Bobby Chemmanur's Supporters Attempt to Block Police Vehicle Amid Sexual Harassment Case