നടിയുടെ ലൈംഗിക അധിക്ഷേപ പരാതിയിൽ അറസ്റ്റിലായ ബോബി ചെമ്മണ്ണൂരിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. നടിയുടെ രഹസ്യമൊഴിയുടെ പകർപ്പും അന്വേഷണ സംഘം ഇന്ന് കോടതിയിൽ ആവശ്യപ്പെടും. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയതിനാൽ ബോബിയുടെ ജാമ്യാപേക്ഷയും കോടതി പരിഗണിക്കും. താൻ കുറ്റം ചെയ്തിട്ടില്ലെന്ന് പോലീസ് ചോദ്യം ചെയ്യലിൽ ബോബി ആവർത്തിച്ച് പറഞ്ഞു. പരാമർശങ്ങൾ ദുരുദ്ദേശപരമായിരുന്നില്ല. അഭിമുഖങ്ങളിൽ അടക്കം പങ്കുവച്ചത് പുരാണത്തിലെ കാര്യങ്ങളാണെന്നും, അശ്ലീല പദപ്രയോഗങ്ങൾ തെറ്റിദ്ധാരണ മാത്രമെന്നും ചോദ്യംചെയ്യലിൽ ബോബി പൊലീസിനോട് പറഞ്ഞു. സംഭവത്തിൽ കുറ്റബോധം ഇല്ലെന്നും ദ്വയാർത്ഥ പ്രയോഗം മാത്രമാണ് തനിക്കെതിരായ പരാതിയെന്നുമാണ് ബോബി ഇന്നലെ മാധ്യമങ്ങളോട് പ്രതികരിച്ചത്.
അതേസമയം നടി ഹണി റോസിന്റെ രഹസ്യ മൊഴിയുടെ പകർപ്പിനായി അന്വേഷണ സംഘം. മൊഴിപ്പകര്‍പ്പ് ലഭിക്കാന്‍ കോടതിയില്‍ അപേക്ഷ നല്‍കും. പകർപ്പ് ലഭിച്ച ശേഷം ബോബിക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തുന്ന കാര്യത്തിലും തീരുമാനമുണ്ടാകുമെന്നാണ് സൂചന. ഇന്നലെയാണ് വയനാട്ടിലെ മേപ്പാടിയില്‍ നിന്ന് കൊച്ചി പൊലീസ് ബോബിയെ കസ്റ്റഡിയിലെടുത്തത്. കൊച്ചിയിലെത്തിച്ച് ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി.