നടിയുടെ ലൈംഗിക അധിക്ഷേപ പരാതിയിൽ അറസ്റ്റിലായ ബോബി ചെമ്മണ്ണൂരിനെ കോടതിയിൽ ഹാജരാക്കി. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയതിനാൽ ബോബിയുടെ ജാമ്യാപേക്ഷയും കോടതി പരിഗണിക്കും. താൻ തെറ്റ് ചെയ്തിട്ടില്ലെന്നാണ് കോടതിയിലും ബോബി ആവര്‍ത്തിച്ചത്. ജാമ്യം നല്‍കാവുന്ന കുറ്റമെന്ന് ബോബിയുടെ അഭിഭാഷകന്‍. പരാതി ഉന്നയിക്കുന്ന വിഡിയോ പരാതിക്കാരി തന്നെ പോസ്റ്റ് ചെയ്തിട്ടുണ്ട്. കുന്തിദേവി പരാമര്‍ശത്തിന് ശേഷവും ഇരുവരും സൗഹൃദത്തിലായിരുന്നു. അതിന്‍റെ തെളിവാണ് വിഡിയോ എന്നും ബോബിയുടെ അഭിഭാഷകന്‍. ശരീരത്തില്‍ സ്പര്‍ശിച്ചെന്ന് പറയുന്നത് തെറ്റെന്നും വാദം. വിഡിയോ ഹാജരാക്കാമെന്ന് പറഞ്ഞപ്പോള്‍ കാണേണ്ട കാര്യമില്ലെന്ന് കോടതി.
സമൂഹമാധ്യമങ്ങളിലും വാര്‍ത്തകളിലും നിറഞ്ഞ് നിന്ന് പബ്ലിസിറ്റി നല്‍കുന്നെന്ന് പരാതിക്കാരിക്കെതിരെ ബോബി ചെമ്മണ്ണൂര്‍. പ്രമോഷനും പബ്ലിസിറ്റിക്കും വേണ്ടിയാണ് പരാതിക്കാരിയെ കൊണ്ടുവന്നത്. അവിടെ പറഞ്ഞ കാര്യങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചെന്നും വാദം. നടി പറയുന്നത് തെറ്റായ കാര്യങ്ങളെന്നും ബോബി കോടതിയില്‍. അറസ്റ്റിന്‍റെ ആവശ്യം തന്നെ ഉണ്ടായിരുന്നില്ല, അറസ്റ്റ് എന്തിനെന്നും ബോബി. അതേസമയം താന്‍ അള്‍സര്‍ രോഗിയാണെന്നും രണ്ടു ദിവസം മുമ്പ് വീണ് കാലിനും നട്ടെല്ലിനും പരുക്കുണ്ടെന്നും ബോബി കോടതിയില്‍. അഭിമുഖങ്ങളിൽ അടക്കം പങ്കുവച്ചത് പുരാണത്തിലെ കാര്യങ്ങളാണെന്നും, അശ്ലീല പദപ്രയോഗങ്ങൾ തെറ്റിദ്ധാരണ മാത്രമെന്നുമാണ് ചോദ്യംചെയ്യലിൽ ബോബി പൊലീസിനോട് പറഞ്ഞത്. സംഭവത്തിൽ കുറ്റബോധം ഇല്ലെന്നും ദ്വയാർത്ഥ പ്രയോഗം മാത്രമാണ് തനിക്കെതിരായ പരാതിയെന്നുമാണ് ബോബി മാധ്യമങ്ങളോട് ഇന്നലെ പ്രതികരിച്ചത്.
ബോബി ചെയ്തത് ഗൗരവമേറിയ കുറ്റമെന്ന് പ്രോസിക്യൂഷനും വാദിക്കുന്നു. ജാമ്യം നല്‍കിയാല്‍ നീതി ലഭിക്കില്ലെന്ന് പ്രോസിക്യൂഷന്‍. പ്രതിക്കെതിരെ ചുമത്തിയ വകുപ്പിന്‍റെ ഉദ്ദേശ്യം തന്നെ കുറ്റകൃത്യം തടയുകയാണ്. അനുവാദം ഇല്ലാതെ ദുരുദ്ദേശ്യത്തോടെ കയ്യില്‍ പിടിച്ചത് തന്നെ കുറ്റമാണ്. ആ സമയത്ത് പറഞ്ഞ വാക്കുകള്‍ ദ്വയാര്‍ഥപ്രയോഗമാണെന്ന് ഉറപ്പാണ്. ജാമ്യം നല്‍കിയാല്‍ ഒളിവില്‍ പോകാന്‍ സാധ്യത ഉണ്ടെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. പ്രതി ഉന്നത സ്വാധീനമുള്ളയാളാണ്. സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ട്. ജാമ്യം നല്‍കിയാല്‍ മോശം പരാമര്‍ശം നടത്തുന്നവര്‍ക്ക് പ്രോത്സാഹനമാകുമെന്നും ബോബിക്ക് ജാമ്യം നല്‍കുന്നതിനെ എതിര്‍ത്ത് പ്രോസിക്യൂഷന്‍.
അതേസമയം, ബോബി ചെമ്മണ്ണൂരിനെതിരായ കേസിന് പിന്നാലെ തുടരുന്ന സൈബര്‍ ആക്രമണങ്ങളില്‍ കുടുതല്‍ പേര്‍ക്കെതിരെ പരാതി നല്‍കാനൊരുങ്ങി ഹണി റോസ്. സിനിമാപ്രമോഷന് വേണ്ടിയാണ് താന്‍ പരാതി നല്‍കിയെന്നുപറയുന്നവര്‍ ബോബി ചെമ്മണ്ണൂര്‍ തന്നെ അപമാനിച്ച് ഒരാഴ്ച മുന്‍പ് നല്‍കിയ അഭിമുഖം കാണണമെന്ന് ഹണി റോസ് മനോരമ ന്യൂസിനോട് പറഞ്ഞു. ബോബി ചെമ്മണ്ണൂരും അതേ മനോനിലയുള്ളവരും തന്നോട് ചെയ്തത് പൊതുയിടത്തിലുണ്ട്. ആംഗ്യങ്ങള്‍ കൊണ്ടുവരെ തന്റെ ശരീരത്തെ അപമാനിച്ചയാളാണ് ബോബി ചെമ്മണ്ണൂര്‍. ഒരാഴ്ച മുന്‍പ് കൊടുത്ത അഭിമുഖത്തിലും ബോബി ചെമ്മണ്ണൂര്‍ അപമാനിച്ചത് തന്റെ സിനിമയുടെ പ്രമോഷന് വേണ്ടിയാണോ എന്ന് ഹണി റോസ് ചോദിച്ചു. സൈബര്‍ ആക്രമണങ്ങളില്‍ കൂടുതല്‍ പേര്‍ക്കെതിരെ പരാതിനല്‍കുമെന്നും ഹണി റോസ് മനോരമ ന്യൂസിനോട് പറഞ്ഞു.
ഇതിനിടെ മനോരമ ന്യൂസ് കൗണ്ടര്‍പോയന്റില്‍ തനിക്കെതിരെ രാഹുല്‍ ഈശ്വര്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് ഹണി ഫെയ്സ്ബുക്കില്‍ മറുപടി നല്‍കി. സ്ത്രീകള്‍ അഭിസംബോധന ചെയ്യുന്ന പ്രശ്നങ്ങളെ നിര്‍വീര്യമാക്കുന്നയാളാണ് രാഹുല്‍ ഈശ്വര്‍ . രാഹുല്‍ പൂജാരിയായാല്‍ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്കായി ഡ്രസ് കോഡ് ഉണ്ടാക്കിയേക്കും. സ്ത്രീകളെ ഏത് വേഷത്തില്‍ കണ്ടാലാണ് രാഹുലിന് നിയന്ത്രണം പോകുന്നതെന്ന് അറിയില്ലല്ലോയെന്നുമായിരുന്നും ഹണി ഫെയ്സ്ബുക്കില്‍ പറഞ്ഞു.വാക്കുകള്‍ക്ക മിതത്വ വേണമെങ്കില്‍ വസ്ത്രധാരണത്തില്‍ സഭ്യത വേണമെന്നായിരുന്നു രാഹുലിന്റെ പ്രതികരണം.