ഭാവഗായകന്‍ പി ജയചന്ദ്രന്‍റെ നിര്യാണത്തില്‍ അനുശോചിച്ച് നടന്‍ മോഹന്‍ ലാല്‍. ‘ജയേട്ടന്‍’ തനിക്ക് ജ്യേഷ്ഠ സഹോദരന്‍ ആയിരുന്നെന്നും എല്ലാ മലയാളികളെയും പോലെ അദ്ദേഹത്തിന്‍റെ ശബ്ദത്തെ താനും നെഞ്ചോടു ചേര്‍ത്തുപിടിച്ചിരുന്നെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. വീട്ടില്‍ വരാറുള്ള, അമ്മയ്ക്ക് ഇഷ്ട ഗാനങ്ങള്‍ പാടിക്കേള്‍പ്പിക്കാറുള്ള ജയചന്ദ്രനേയും അദ്ദേഹം ഓര്‍ത്തെടുത്തു.
പ്രിയഭാവകായകന് നന്ദിയെന്ന് നടന്‍ മമ്മൂട്ടിയും ഫെയ്സ്ബുക്കില്‍ കുറിച്ചു. സ്വന്തം അനുജന്‍ മരിച്ചാല്‍ എന്ത് ദുഖമുണ്ടാകും, അതാണ് ഇപ്പോളത്തെ എന്‍റെ അവസ്ഥയെന്ന് ശ്രീകുമാരന്‍ തമ്പി പ്രതികരിച്ചു. പരിചയപ്പെട്ട കാലം മുതല്‍ സഹോദരന്‍മാരെപ്പോലെയായിരുന്നു. 58 കൊല്ലത്തെ ബന്ധമാണ്, സഹോദര്യമാണ് തങ്ങളുടേതെന്നും യാതൊരു രഹസ്യവും ഇടയില്‍ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അഭിനന്ദിക്കാന്‍ അറിയാവുന്ന ശുദ്ധനായിരുന്നു ജയചന്ദ്രനെന്ന് ബിജു നാരായണന്‍ അനുശോചിച്ചു. സംഗീതം ശ്വസിച്ച് ജീവിച്ച മനുഷ്യനായിരുന്നു ജയചന്ദ്രനെന്ന് ജി.വേണുഗോപാല്‍.
അതേസമയം, പല തലമുറകള്‍ക്ക് ആനന്ദമേകിയ സ്വരമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍. മലയാളിയുടെ ഹൃദയത്തില്‍ കുടിയേറിയ ഗായകനാണ് ജയചന്ദ്രനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുസ്മരിച്ചു. കാല ദേശാതിർത്തികൾ ലംഘിക്കുന്ന ഗാന സപര്യക്കാണ് വിരാമമായിരിക്കുന്നത്. ഒരു കാലഘട്ടം മുഴുവൻ മലയാളിയുടെയും ദക്ഷിണേന്ത്യക്കാരൻ്റെയും ഇന്ത്യയിൽ ആകെയുള്ള ജനങ്ങളുടെയും ഹൃദയത്തിലേക്ക് കുടിയേറിയ ഗായകനാണ് പി ജയചന്ദ്രൻ. ജയചന്ദ്രന്റെ ഗാന ശകലം ഉരുവിടാത്ത മലയാളി ഇല്ല എന്ന് തന്നെ പറയാം. ചലച്ചിത്ര ഗാനങ്ങളായും ലളിതഗാനങ്ങളായും ഭക്തിഗാനങ്ങളായും ജയചന്ദ്രൻ ആലപിച്ചതെല്ലാം അനുവാചകൻ്റെ ഹൃദയത്തിലേക്കാണ് വന്ന് പതിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
തൃശൂരിലായിരുന്നു ജയചന്ദ്രന്‍റെ അന്ത്യം. രോഗബാധിതനായി ചികില്‍സയിലായിരുന്നു. ഒന്‍പതു ദിവസമായി ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഇന്നലെ ആശുപത്രി വിട്ടു. ഇന്ന് വൈകിട്ട് വീണ്ടും ആശുപത്രിയിലെത്തിച്ചു. മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കും. പൂങ്കുന്നത്തെ വീട്ടില്‍ നാളെ ഉച്ചവരെ പൊതുദര്‍ശനം. സംസ്കാരം മറ്റന്നാള്‍ ചേന്ദമംഗലത്ത് തറവാട്ടുവീട്ടില്‍.