വിഭാഗീയതയുടെ കനലുകൾ അണയാതെ ശേഷിക്കുന്ന ആലപ്പുഴയിൽ CPM ജില്ലാ സമ്മേളനത്തിന് നാളെ തുടക്കം. സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മൂന്നുദിവസവും പങ്കെടുക്കും. ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്കുണ്ടായ തിരിച്ചടിയുടെ കാരണങ്ങളും പരിഹാര മാർഗങ്ങളും സമ്മേളനം ചർച്ച ചെയ്യും. ആർ.നാസർ ജില്ലാ സെക്രട്ടറിയായി തുടരാനാണ് സാധ്യത.
പ്രശ്നങ്ങൾ അവസാനിപ്പിച്ച് ഒറ്റക്കെട്ടായി മുന്നോട്ടു പോയി പഴയ പ്രതാപത്തിലേക്ക് പാർട്ടിയെ തിരിച്ചു കൊണ്ടുവരിക എന്ന ലക്ഷ്യമാണ് ആലപ്പുഴയിലെ സി പി എം സമ്മേളനം നടക്കുമ്പോൾ നേതൃത്വം ലക്ഷ്യം വയ്ക്കുന്നത്. പ്രാദേശിക തലങ്ങളിൽ തുടരുന്ന ഒറ്റപ്പെട്ട വിഭാഗീയ പ്രവണതകൾ പോലും അനുവദിക്കില്ല എന്ന താക്കീത് പല തവണ സംസ്ഥാന നേതൃത്വം നൽകിയിട്ടും പ്രതിസന്ധി അവസാനിക്കാത്ത കായംകുളം പോലുള്ള ചില പ്രദേശങ്ങൾ പാർട്ടി നേതൃത്വത്തിന് തലവേദന സൃഷ്ടിക്കുന്നു. കഴിഞ്ഞ ലോക്സഭ തിരത്തെടുപ്പിൽ പാർട്ടിക്കോട്ടകളിൽ BJP ഉണ്ടാക്കിയ കടന്നുകയറ്റം പാർട്ടിയെ ഞെട്ടിച്ചു. അതിനെതിരായ പ്രതിരോധമാർഗങ്ങൾ ഹരിപ്പാട് നടക്കുന്ന ജില്ലാ സമ്മേളനം ആവിഷ്കരിക്കും ശക്തികേന്ദ്രങ്ങളിലെ വോട്ടു ചോർച്ചയും ചർച്ചയാകും
മൂന്നു ദിവസവും മുഖ്യമന്ത്രി പിണറായി വിജയന്‍റെ സാന്നിധ്യം സമ്മേളനത്തിലുണ്ടാവും. പ്രതിനിധി സമ്മേളനവും പൊതു സമ്മേളനവും ഉദ്ഘാടനം ചെയ്യുന്നത് പിണറായി വിജയനാണ്. കരിമണൽ ഖനന പ്രദേശത്തിനടുത്ത് നടക്കുന്ന സമ്മേളനത്തിൽ മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരെ കൂടി ചർച്ചയിൽ വിമർശനങ്ങൾ ഉയരാനുള്ള സാധ്യത തള്ളാനാവില്ല മുഖ്യമന്ത്രിയുടെ സാന്നിധ്യം വിമർശനങ്ങളുടെ മൂർച്ച കുറച്ചേക്കും. 46 ജില്ലാ കമ്മിറ്റി അംഗങ്ങൾ അടക്കം 407 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. മുഖ്യമന്ത്രിയും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും അടക്കം 15 നേതാക്കൾ ഉപരി കമ്മിറ്റികളിൽ നിന്ന് പങ്കെടുക്കും. ജില്ലാകമ്മിറ്റിയിൽ കൂടുതൽ യുവാക്കൾക്ക് പ്രാതിനിധ്യം ഇത്തവണ ഉണ്ടാകും. ഇന്ന് വൈകിട്ട് സമ്മേളന നഗറിൽ പതാക ഉയരും. ഞായറാഴ്ച ഉച്ചകഴിഞ്ഞ് റെഡ് വാളണ്ടിയർ പരേഡും ഹരിപ്പാട് കേന്ദ്രീകരിച്ചുള്ള പ്രകടനവും നടക്കും