പെരിയ ഇരട്ടക്കൊലക്കേസില്‍ പ്രതികളായ മുന്‍ എം.എല്‍.എ കെ.വി.കുഞ്ഞിരാമന്‍ അടക്കം നാല് പ്രതികള്‍ ജയില്‍മോചിതരായി. രാവിലെ ഒമ്പതരയോടെയാണ് നാല് പ്രതികള്‍ ജയില്‍ മോചിതരായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. ഹൈക്കോടതി ശിക്ഷ മരവിപ്പിച്ചതിനെ തുടര്‍ന്ന് ലഭിച്ച ജാമ്യത്തിലാണ് പ്രതികള്‍ പുറത്തിറങ്ങിയത്.
ജയില്‍മോചിതരായ പ്രതികള്‍ക്ക് ജയിലിന് മുന്നില്‍ വന്‍ സ്വീകരണമാണ് നേതാക്കളും അണികളും നല്‍കിയത്. കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജനും, പി.ജയരാജനും ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളടക്കം ജയിലിലെത്തിയിരുന്നു. സിപിഎം നേതാക്കളായ കെ.വി. രാജന്‍, കെ.പി.സതീഷ് ചന്ദ്രന്‍ തുടങ്ങിയവരും ജാമ്യംലഭിച്ചവരെ സ്വീകരിക്കാനെത്തിയിരുന്നു.
സി.പി.എമ്മിനെതിരെ നടന്നത് രാഷ്ട്രീയഗൂഢാലോചനയെന്ന് മോചിതരായ പ്രതികള്‍ പ്രതികരിച്ചു. കേസില്‍പ്പെടുത്തിയത് പാര്‍ട്ടി നേതാക്കളായതിനാലെന്ന് കെ.വി.കുഞ്ഞിരാമന്‍ പറഞ്ഞു. ഞങ്ങള്‍ നിരപരാധികളെന്ന് പാര്‍ട്ടിക്ക് വിശ്വാസമുണ്ടെന്നും പ്രതികള്‍. അതേസമയം, സി.ബി.ഐയാണ് കള്ളക്കഥയുണ്ടാക്കിയതെന്ന് എം.വി.ജയരാജനും പ്രതികരിച്ചു. ഇക്കാര്യം കോടതിക്ക് ബോധ്യപ്പെട്ടതിനാലാണ് പുറത്തിറങ്ങാന്‍ കഴിഞ്ഞത്. വലതുപക്ഷ രാഷ്ട്രീയക്കാരുടേയും മാധ്യമങ്ങളുടേയും ഗൂഢാലോചനയാണ് നടന്നത്. സിപിഎമ്മിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള രാഷ്ട്രീയദൗത്യമാണ് സിബിഐ നിര്‍വഹിച്ചതെന്നും ജയരാജന്‍.
പെരിയ കേസില്‍ ശിക്ഷ മരവിപ്പിച്ച ഹൈക്കോടതി വിധി സി.പി.എം നിലപാട് ശരിവയ്ക്കുന്നതെന്ന് എം.വി.ഗോവിന്ദന്‍ പറഞ്ഞു. സിബിഐയുടെ രാഷ്ട്രീയപ്രേരിത നീക്കമാണ് കോടതി തടഞ്ഞത്. പാര്‍ട്ടിയുടെ ഭാഗമായി നില്‍ക്കുന്നവരെ മാലയിട്ട് സ്വീകരിച്ചതില്‍ എന്താണ് തെറ്റെന്നും ഇരട്ടക്കൊലയില്‍ സിപിഎമ്മിന് ബന്ധമില്ലെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു. ശിക്ഷാവിധി വന്ന് അഞ്ച് ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് പ്രതികള്‍ പുറത്തിറങ്ങുന്നത്.