TOPICS COVERED

പൊതുവഴി തടസ്സപ്പെടുത്തിയതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യകേസിൽ കടുത്ത നടപടിയുമായി ഹൈക്കോടതി. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉൾപ്പെടെയുള്ള നേതാക്കളോട് നേരിട്ട് ഹാജരാകാൻ ഹൈക്കോടതി നിർദേശം നൽകി. നേതാക്കൾ ഹാജരാകുന്ന കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും പ്രതീക്ഷിക്കേണ്ട എന്നും കോടതി വ്യക്തമാക്കി 

വഞ്ചിയൂരിൽ റോഡ് അടച്ച് കെട്ടിയുള്ള സിപിഎം ഏരിയാ സമ്മേളനത്തിന്റെ പേരിലാണ് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ അടക്കമുള്ളവർ ഹാജരാക്കേണ്ടത്. വിഷയത്തിൽ എം.വി.ഗോവിന്ദന് പുറമേ മുൻ മന്ത്രി എം.വിജയകുമാർ, എംഎൽഎമാരായ വി.ജോയ്, കടകംപളളി സുരേന്ദ്രൻ, വി.കെ.പ്രശാന്ത്, മുൻ എംപി എ.സമ്പത്ത് തുടങ്ങിയവരുൾപ്പടെയുള്ള നേതാക്കൾക്കെതിരെ കേസെടുത്തിരുന്നു. സെക്രട്ടറിയേറ്റിന് മുന്നിൽ നടപ്പാത അടച്ചുകെട്ടി സമരം നടത്തിയതിനാണ് ജോയിന്റ് കൗൺസിൽ സ്റ്റേറ്റ് സർവീസ് ഓർഗനൈസേഷൻ നേതാക്കൾക്ക് പുറമേ സിപിഐ നേതാക്കളായ ബിനോയ് വിശ്വം, പന്ന്യൻ രവീന്ദ്രൻ തുടങ്ങിയവർക്കെതിരെയും കേസടുത്തത്. കൊച്ചി കോർപറേഷനുമുന്നിൽ നടത്തിയ ധർണയുടെ പേരിൽ കോൺഗ്രസ് എംഎൽഎ ടി.ജെ.വിനോദ്, മുൻ മന്ത്രി ഡൊമിനിക് പ്രസന്റേഷൻ, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് തുടങ്ങിയവർക്കെതിരെയും കേസുകളുണ്ട്. ഇവരെല്ലാം നേരിട്ട് കോടതിയിൽ ഹാജരാകണം എന്നാണ് ഡിവിഷൻ ബെഞ്ചിൻ്റെ നിർദേശം. ഫെബ്രുവരി 10നാണ് നേതാക്കൾ ഹാജരാക്കേണ്ടത്. നേതാക്കൾ ഹാജരാകുന്ന കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും പ്രതീക്ഷിക്കേണ്ടെന്ന് കോടതി വ്യക്തമാക്കി. ഇത്തരം വിഷയങ്ങള്‍ ലഘുവായി എടുക്കാൻ പറ്റില്ല. റോ‍ഡ് കയ്യേറിയും മറ്റും സമരങ്ങളും പരിപാടികളുമൊക്കെ സംഘടിപ്പിക്കുന്നത് ആവർത്തിച്ചുകൊണ്ടിരിക്കുകയാണെന്നും ജസ്റ്റിസുമാരായ അനിൽ.കെ.നരേന്ദ്രൻ, എസ്.മുരളീകൃഷ്ണ എന്നിവരുടെ ബെഞ്ച് വിമർശിച്ചു. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ സ്പർജൻ കുമാർ, കൊച്ചു സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ എന്നിവരും ഹാജരാകണം. ഹാജരാകുന്നതിൽ നിന്ന് ചീഫ് സെക്രട്ടറി, സംസ്ഥാന ഡിജിപി എന്നിവരെ മാത്രം ഒഴിവാക്കുന്നു എന്നും കോടതി വ്യക്തമാക്കി.

ENGLISH SUMMARY:

High court with voluntary contempt of court