മകരവിളക്ക് പ്രമാണിച്ച് ശബരിമല തീർഥാടനത്തിന് കൂടുതൽ നിയന്ത്രണങ്ങൾ. സ്പോട് - വർച്വൽ ക്യൂ ബുക്കിങ്ങുകളുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. തിരക്ക് കണക്കിലെടുത്ത് പമ്പയിലെ മുഴുവൻ സ്പോട് ബുക്കിങ് കൗണ്ടറുകൾ നിലയ്ക്കലിലേക്ക് മാറ്റി.
മകരവിളക്ക് മഹോൽസവ ദിനത്തിൽ ഭക്തരുടെ സുരക്ഷ കണക്കിലെടുത്താണ് കൂടുതൽ നിയന്ത്രണങ്ങൾ. പന്ത്രണ്ടാം തീയതി അറുപതിനായിരം പേർക്കും പതിമൂന്നാം തീയതി അൻപതിനായിരം പേർക്കുമാണ് വർച്വൽ ക്യൂ വഴി സന്നിധാനത്ത് എത്താനാവുക. ഈ ദിവസങ്ങളിൽ അയ്യായിരം പേർക്ക് സ്പോട് ബുക്കിങ്ങ് അനുവദിക്കും. മകരവിളക്ക് നടക്കുന്ന പതിനാലാം തിയതിയിൽ നാൽപ്പതിനായിരം പേർക്ക് മാത്രമാണ് വർച്വൽ ക്യൂ അനുവദിക്കുക. സ്പോട് ബുക്കിങ് ആയിരമായി നിജപ്പെടുത്തി
പമ്പയിൽ അനുവദിച്ചിരുന്ന പാർക്കിങ്ങിലും നിയന്ത്രണം ഏർപ്പെടുത്തി. 12ന് രാവിലെ 8 മണി മുതൽ 15ന് വൈകിട്ട് 2 മണി പമ്പയിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ല. പകരം കൂടുതൽ ബസ് സർവീസ് നടത്തും.