41 ദിവസം നീണ്ടു നിന്ന ശബരിമല മണ്ഡലകാലത്തിന് പരിസമാപ്തി. സന്നിധാനത്ത് തങ്കയങ്കി ചാർത്തിയുള്ള മണ്ഡലപൂജ പൂർത്തിയായി. ഇന്ന് രാത്രി നടയടച്ചു കഴിഞ്ഞാൽ പിന്നെ മകരവിളക്ക് മഹോത്സവത്തിനായി ഡിസംബർ 30 ന് വീണ്ടും തുറക്കും. ജനുവരി 15 നാണ് മകരവിളക്ക്.
ശബരിമല തീർഥാടന കാലത്തിന്‍റെ ആദ്യ ഘട്ടത്തിന് പരിസമാപ്തി. വിവിധ അഭിഷേകങ്ങൾ പൂർത്തിയാക്കി 12 മണിക്ക് മണ്ഡല പൂജ ചടങ്ങുകൾ തുടങ്ങി. ശബരിമല തന്ത്രി കണ്ഠര് രാജീവരുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ. തങ്കഅങ്കി ചാർത്തിയായിരുന്നു മണ്ഡലപൂജ. രാത്രി നടയടച്ചു കഴിഞ്ഞാൽ പിന്നെ മകരവിളക്ക് മഹോത്സവത്തിനായി ഡിസംബർ 30ന് മാത്രമേ നട തുറക്കൂ. അതിനാൽ തീർഥാടകരുടെ തിരക്കും നന്നേ കുറഞ്ഞു.
ഇന്ന് രാത്രി 10ന് ഹരിവരാസനം പാടി നടയടയ്ക്കും. മണ്ഡലപൂജ പ്രമാണിച്ച് തീർഥാടകർക്ക് നിയന്ത്രണമുണ്ട്. വെർച്വൽ ക്യൂ വഴി 60,000 പേർക്കും സ്‌പോട്ട് ബുക്കിംഗ് വഴി 5000 പേർക്കുമാണ് ദർശനത്തിന് അവസരം. കഴിഞ്ഞ വർഷത്തെക്കാൾ അഞ്ച് ലക്ഷത്തോളം തീർഥാടകർ അധികമായി എത്തിയെങ്കിലും തിരക്ക് നിയന്ത്രിക്കാൻ പൊലീസിനും ദേവസ്വം ബോർഡിനുമായി. അലോസരമില്ലാതെ പൂർണ തൃപ്തിയോടെയാണ് തീർഥാടകർ മല ഇറങ്ങുന്നത്.