സാമുദായിക നേതൃത്വങ്ങളുമായുളള ബന്ധം ശക്തിപ്പെടുത്തിയതിന് പിന്നാലെ ആദിവാസി പിന്നാക്ക വിഭാഗക്കാരുടെ വിഷയങ്ങളും ഏറ്റെടുത്ത് രമേശ് ചെന്നിത്തല. കൊല്ലം കുളത്തൂപ്പുഴ അരിപ്പ ഭൂസമരത്തിന്റെ വാര്‍ഷികം ഉദ്ഘാടനം ചെയ്യാനെത്തിയ രമേശ് ചെന്നിത്തലയ്ക്ക് വന്‍സ്വീകരണമാണ് ലഭിച്ചത്.
ആദിവാസികള്‍ ഉള്‍പ്പെടുന്ന സമൂഹം ഒരുതുണ്ട് ഭൂമിക്കായി കുടില്‍കെട്ടി തുടങ്ങിയ സമരം. അരിപ്പ ഭൂസമരത്തിന്റെ പതിമൂന്നാം വാര്‍ഷികമാണ് ആദിവാസി ദലിത് മുന്നേറ്റ സമിതിയുടെ നേതൃത്വത്തില്‍ നടത്തിയത്. ഉദ്ഘാടകനായെത്തിയ രമേശ് ചെന്നിത്തലയ്ക്ക് വന്‍ സ്വീകരണം. അടുത്ത മുഖ്യമന്ത്രിയെന്നായിരുന്നു സംഘാടകരുടെ വിശേഷണം. പ്രധാനസംഘാടകനും ആദിവാസി ദലിത് മുന്നേറ്റ സമിതിയുടെ പ്രസിഡന്റുമായ ശ്രീരാമന്‍ കൊയ്യോനും രമേശ് ചെന്നിത്തലയെ പുകഴ്ത്തി.
ആദിവാസി പിന്നാക്ക സമൂഹങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയ രമേശ് ചെന്നിത്തല, നാടിന് സില്‍വര്‍ലൈനല്ല വേണ്ടത് പാവപ്പെട്ടവര്‍ക്ക് ഭൂമിയാണെന്ന് വ്യക്തമാക്കി.. ചടങ്ങിലേക്ക് സിപിഎം നേതാവിനെയും സംഘാടകര്‍ ക്ഷണിച്ചിരുന്നെങ്കിലും പങ്കെടുത്തില്ല.