മുണ്ടക്കൈ– ചൂരല്‍മല ദുരന്തം അതിതീവ്ര ദുരന്തമെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍. എസ്ഡിആര്‍എഫ് മാനദണ്ഡങ്ങളില്‍ ഇളവ് നല്‍കിയെന്നും സംസ്ഥാന ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് 120 കോടി കൂടി ചെലവഴിക്കാന്‍ അനുമതി നല്‍കിയെന്നും കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. അതേസമയം, ദുരന്തബാധിതരെ കേള്‍ക്കാതെ സംസ്ഥാനം പുനരധിവാസം തീരുമാനിച്ചെന്ന് ഹര്‍ജിക്കാരന്‍ ആരോപിച്ചു. ഇത്തരം ആക്ഷേപങ്ങള്‍ അമിക്കസ് ക്യൂറിയെ അറിയിക്കണമെന്നായിരുന്നു കോടതിയുടെ നിര്‍ദേശം.
മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉണ്ടായ ദുരന്തം ഗുരുതര സ്വഭാവമുള്ളതാണെന്ന് മന്ത്രിതല സമിതി വിലയിരുത്തിയെന്ന് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ മാസം അവസാനത്തോടെ കേരളത്തെയും അറിയിച്ചിരുന്നു. ദുരന്തനിവാരണത്തിന് പണം കണ്ടെത്തേണ്ടതിന് എസ്ഡിആര്‍എഫില്‍ നിന്നാണെന്നും കേന്ദ്രവിഹിതം മുഴുവനായി നല്‍കിയിട്ടുണ്ടെന്നുമായിരുന്നു ആഭ്യന്തര സെക്രട്ടറി രാജേഷ് ഗുപ്ത സംസ്ഥാന പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാളിനെ അറിയിച്ചത്.