കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ മാറ്റം കൃഷിമന്ത്രിയുമായി കൂടിയാലോചിക്കാതെയെന്നു സൂചന. തദ്ദേശ സ്വയംഭരണ പരിഷ്കകാര കമ്മിഷണനിലേക്കാണു ബി.അശോകിനെ മാറ്റിയത്. പുതിയതായി സൃഷ്ടിച്ച തസ്തികയാണ് തദ്ദേശ സ്വയംഭരണ കമ്മിഷന്‍ . അതൃപ്തിയിലുള്ള ബി.അശോക് അവധിയിലേക്ക് പോയേക്കും.
നബാര്‍ഡുമായി ചേര്‍ന്നുള്ള 2630 കോടിയുടെ പ്രോജക്ട് സമര്‍പ്പിച്ച് മുന്നോട്ടു പോകുന്നതിനിടെയാണ് ബി.അശോകിനെ കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തു നിന്നു മാറ്റുന്നത്. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമെടുത്തതെങ്കിലും നേരത്തെ മന്ത്രിയോട് ഇക്കാര്യം കൂടിയാലോചിരുന്നില്ലെന്നാണ് പുറത്തു വരുന്ന സൂചന. മന്ത്രിസഭായോഗം നടക്കുന്ന രാവിലെയും കൃഷിവകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ബി. അശോകുമായി സംസാരിച്ചിരുന്നു.
കാര്‍ഷികോല്‍പാദന കമ്മിഷണര്‍, കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ എന്നീ പദവികളാണ് നിലവില്‍ അശോകിനുണ്ടായിരുന്നത്. ഇതില്‍ കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ എന്ന പദവി ഗവര്‍ണര്‍ തീരുമാനിക്കുന്നതാണ്. ഐ.എ.എസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തില്‍ തീരുമാനമെടുക്കുന്നത് മുഖ്യമന്തിയാണ്. ഐ.എ.എസ് അസോസിയേഷന്‍ പ്രസിഡന്‍റായ ബി.അശോക് , കൃഷിവകുപ്പ് സെക്രട്ടറിയായിരുന്ന എന്‍.പ്രശാന്തിന്‍റെ അടുപ്പക്കാരനായാണ് അറിയപ്പെടുന്നത്.
പുതിയതായി സൃഷ്ടിച്ച കമ്മിഷനിലേക്ക് മാറ്റിയെന്നതല്ലാതെ ഓഫിസ് എവിടെയെന്നോ, കമ്മിഷന്‍റെ പരിഗണനാ വിഷയങ്ങളോ ഉത്തരവില്‍ പറഞ്ഞിട്ടില്ല. വിശദമായ ഉത്തരവിറങ്ങുമെന്നാണ് ബി.അശോകിനെ അറിയിച്ചത്. അതൃപ്തിയിലുള്ള ബി.അശോക് മെഡിക്കല്‍ അവധിയിലേക്ക് പോകുമെന്നാണ് അടുപ്പക്കാരെ അറിയിച്ചത്.