അഡീഷനല്‍ ചീഫ് സെക്രട്ടറി എ.ജയതിലകിനെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച എന്‍.പ്രശാന്ത് ഐഎഎസിന്‍റെ സസ്പെന്‍ഷന്‍ 120 ദിവസത്തേക്ക് കൂടി നീട്ടി സര്‍ക്കാര്‍. റിവ്യൂ കമ്മിറ്റിയുടെ ശുപാര്‍ശപ്രകാരമാണ് നടപടി. കുറ്റാരോപിത മെമ്മോയ്ക്ക് പ്രശാന്ത് മറുപടി നല്‍കിയിട്ടില്ലെന്ന നിലപാടാണ് റിവ്യൂ കമ്മിറ്റി സ്വീകരിച്ചത്. മെമ്മോയ്ക്ക് എന്‍.പ്രശാന്ത് മറുപടി നല്‍കിയില്ലെന്നും രണ്ടുതവണ കത്ത് നല്‍കിയെങ്കിലും വിശദീകരണക്കത്ത് നല്‍കുകയാണ് പ്രശാന്ത് ചെയ്തതെന്നും പ്രശാന്തിന്‍റെ സസ്പെന്‍ഷനില്‍ ചീഫ് സെക്രട്ടറി വിശദീകരിച്ചു. തനിക്ക് മെമ്മോ നല്‍കിയതില്‍ ചീഫ് സെക്രട്ടറിയോട് പ്രശാന്ത് നേരത്തെ വിശദീകരണം ചോദിച്ചിരുന്നു. താന്‍ നല്‍കിയ പരാതിയില്‍ നടപടിയെടുക്കാത്തതില്‍ ചീഫ് സെക്രട്ടറി മാപ്പുപറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
കടുത്ത വിമര്‍ശനങ്ങളാണ് എ.ജയതിലകിനെതിരെ പ്രശാന്ത് സമൂഹമാധ്യമങ്ങളിലൂടെ ഉയര്‍ത്തിയത്. ജൂനിയര്‍ ഉദ്യോഗസ്ഥരുടെ കരിയറും ജീവിതവും ജയതിലക് നശിപ്പിച്ചു. സെക്രട്ടേറിയറ്റിലെ ഇടനാഴിയില്‍ പോലും ഇക്കാര്യം പാട്ടാണെന്നതില്‍ തുടങ്ങിയ വിമര്‍ശനം പിന്നീട് പരസ്യമായി നീണ്ടു.
അതേസമയം, മതാടിസ്ഥാനത്തില്‍ വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കിയതിന് സസ്പെന്‍ഷനിലായിരുന്ന കെ.ഗോപാലകൃഷ്ണനെ സര്‍ക്കാര്‍ സര്‍വീസിലേക്ക് തിരിച്ചെടുത്തു. വാട്സാപ് ഗ്രൂപ്പുണ്ടാക്കിയതിൽ പങ്കില്ലെന്നും തന്റെ ഫോൺ ഹാക്ക് ചെയ്തവരാണ് അതിനു പിന്നിലെന്നും മെമ്മോയ്ക്കുള്ള മറുപടിയിൽ ഗോപാലകൃഷ്ണൻ ചൂണ്ടിക്കാട്ടിയത്.ഈ വാദം അംഗീകരിച്ചാണ് അദ്ദേഹത്തിനു സർവീസിൽ തിരികെയെത്താൻ വഴിയൊരുക്കണമെന്നു റിവ്യു കമ്മിറ്റി സർക്കാരിനു ശുപാർശ നൽകിയത്. മതാടിസ്ഥാനത്തിൽ വാട്സാപ് ഗ്രൂപ്പുണ്ടാക്കിയ ത് ഗോപാലകൃഷ്ണൻ തന്നെയാണെന്ന് സസ്പെൻഡ് ചെയ്തുള്ള ഉത്തരവിൽ പറഞ്ഞത്.