വയനാട് ഡിസിസി ട്രഷറർ എൻ.എം.വിജയന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രതിചേർക്കപ്പെട്ടതിന് പിന്നാലെ കർണാടകയിലേക്ക് പോയ ഐ.സി.ബാലകൃഷ്ണൻ എംഎൽഎ തിരിച്ചെത്താൻ വൈകും. അതിനിടെ സഹകരണ ബാങ്കിലെ ജോലിക്കായി എംഎൽഎ ശുപാർശ കത്ത് നൽകിയിട്ടുണ്ടെന്ന് സ്ഥിരീകരിച്ച്  നമ്പിക്കൊല്ലി സ്വദേശി രംഗത്തെത്തി. എന്നാൽ ശുപാർശ കത്ത് അനുസരിച്ചല്ല ജോലി ലഭിച്ചതെന്ന് ഐ.സി.ബാലകൃഷ്ണൻ എംഎൽഎ  പ്രതികരിച്ചു. വിവാദത്തിന്റെ പശ്ചാത്തലത്തിൽ ഡിസിസി പ്രസിഡന്‍റിനെ നീക്കണമെന്ന ആവശ്യം ശക്തമായി.

നിലവിൽ കർണാടകയിലുള്ള ഐ.സി.ബാലകൃഷ്ണൻ എംഎൽഎ ചില മെഡിക്കൽ ആവശ്യങ്ങൾ കൂടി പൂർത്തിയാക്കിയെ മടങ്ങു എന്നാണ് അറിയിക്കുന്നത്. നാളെ വൈകുന്നേരത്തോടെ തിരിച്ചത്താനാണ് സാധ്യത. പ്രതിപട്ടികയിൽ ചേർത്തതിന് പിന്നാലെ കേരളം വിട്ടത് ഒളിവിൽ പോകാൻ ആണെന്ന്  സിപിഎം ആരോപിച്ചിരുന്നു. എന്നാൽ ആരോപണം നിഷേധിച്ച് എംഎൽഎ തന്നെ രംഗത്തെത്തുകയും ചെയ്തു. അതിനിടയാണ് എംഎൽഎ ശുപാർശ കത്ത് നൽകിയിരുന്നുവെന്ന് സ്ഥിരീകരിച്ച് നമ്പിക്കൊല്ലി സ്വദേശി കെ.വി.ബാലകൃഷ്ണൻ രംഗത്തെത്തിയത്. എന്നാൽ ഇതിന്‍റെ പേരിൽ യാതൊരു സാമ്പത്തിക ഇടപാടുകളും നടന്നിട്ടില്ല.

ബാലകൃഷ്ണന്റെ മകൾക്ക് വേണ്ടി ശുപാർശ കത്ത് നൽകിയിരുന്നുവെങ്കിലും ജോലി കിട്ടിയത് ആ കത്തിന്റെ അടിസ്ഥാനത്തിൽ അല്ല എന്ന് ഐ.സി.ബാലകൃഷ്ണൻ പ്രതികരിച്ചു. വിവാദത്തിന്‍റെ പശ്ചാത്തലത്തിൽ വയനാട് ഡിസിസിയിൽ നേതൃമാറ്റം വേണമെന്ന ആവശ്യം ശക്തമായി. പ്രശ്നപരിഹാരത്തിനായി ഡിസിസി പ്രസിഡന്റ് എൻ.ഡി.അപ്പച്ചന് പകരം ജില്ലയ്ക്ക് പുറത്തുനിന്നുള്ള നേതാവിന് ചുമതല നൽകണമെന്നും ആവശ്യമുയർന്നു.

ENGLISH SUMMARY:

IC Balakrishnan MLA delays his return from Karnataka amid allegations linked to Wayanad DCC treasurer NM Vijayan's suicide. Leadership change in the DCC is now a strong demand.