wayanad-dcc-2

ഡിസിസി ട്രഷററുടെ ആത്മഹത്യയിൽ വയനാട് ഡിസിസിയിൽ നേതൃമാറ്റം ആവശ്യപ്പെട്ട് നേതാക്കൾ. ഒരു വിഭാഗം ഡിസിസി സെക്രട്ടറിമാരാണ് നേതൃമാറ്റം ആവശ്യപ്പെട്ട് കെപിസിസിയെ സമീപിച്ചത്. തൃശൂർ മോഡൽ വയനാട്ടിലും നടപ്പിലാക്കാനാണ് നേതാക്കൾ കെപിസിസിയിൽ സമ്മർദം ചെലുത്തിയത്. എൻ. എം വിജയന്റെ ആത്മഹത്യ  നാളെ  രാഷ്ട്രീയകാര്യ സമിതി ചർച്ച ചെയ്യും.

 

 

എൻ.എം വിജയന്റെ ആത്മഹത്യയോടെ പാർട്ടി കടുത്ത പ്രതിസന്ധിയിലാണെന്ന് കെ.പി.സി.സി തന്നെ വിലയിരുത്തുന്നുണ്ട്. പ്രശ്നം കൂടുതൽ സങ്കീർണ്ണമാവാതിരിക്കാനാണ് കെപിസിസി അന്വേഷണസമിതിയെ ഉടൻ നിയോഗിച്ച് നീക്കം തുടങ്ങിയത്. അതിനിടെയാണ് ഡിസിസിയിലെ ഒരു വിഭാഗം നേതൃമാറ്റം ആവശ്യപ്പെട്ട് കെ.പി.സി.സിയെ സമീപിച്ചത്. പ്രവർത്തകരുടെ അമർഷം മനസിലാക്കി എൻ.ഡി അപ്പച്ചനെ തൽസ്ഥാനത്തു നിന്ന് മാറ്റണമെന്നാണ് ഡി.സി.സിയിലെ ഒരു വിഭാഗം സെക്രട്ടറിമാർ കെ.പി.സി.സി യെ അറിയിച്ചത്.

 

തൃശൂരിൽ ഡിസിസി പ്രസിഡന്റായിരുന്ന ജോസ് വെള്ളൂരിനെ മാറ്റി പാലക്കാട് എം.പി ശ്രീകണ്ഠനെ ചുമതലയേൽപ്പിച്ച നീക്കം വയനാട്ടിലും ആവർത്തിക്കണമെന്നും പ്രശ്നപരിഹാരം എന്ന നിലയ്ക്ക് ജില്ലയ്ക്ക് പുറത്തുള്ള നേതാവിന് ചുമതല നൽകണമെന്നും ആവശ്യപ്പെടുന്നുണ്ട്. എന്നാൽ കെപിസിസി നിയോഗിച്ച അന്വേഷണ സമിതിയുടെ റിപ്പോർട്ട് വന്നതിനുശേഷമേ നേതൃത്വം ഈ വിഷയത്തിൽ തീരുമാനമെടുക്കൂ എന്നാണ് വിവരം. അതേ സമയം നാളെ നടക്കുന്ന കെ.പി.സി. സി യോഗത്തിൽ എൻ. എം വിജയന്റെ ആത്മഹത്യയും വയനാട്ടിലെ രാഷ്ട്രീയ പ്രതിസന്ധികളും ചർച്ച ചെയ്യും.

 

വയനാട് ഡിസിസി ട്രഷറർ എൻ എം വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രതിചേർക്കപ്പെട്ടതിന് പിന്നാലെ കർണാടകയിലേക്ക് പോയ ഐസി ബാലകൃഷ്ണൻ എംഎൽഎ തിരിച്ചെത്താൻ വൈകും. അതിനിടെ  ഐസി ബാലകൃഷ്ണൻ എംഎൽഎ ശുപാർശ കത്ത് നൽകിയിട്ടുണ്ടെന്ന് സ്ഥിരീകരിച്ച്  വയനാട് നമ്പിക്കൊല്ലി സ്വദേശി കെ വി ബാലകൃഷ്ണൻ രംഗത്ത് എത്തി. എന്നാൽ ശുപാർശ കത്ത് അനുസരിച്ച് ജോലി ലഭിച്ചില്ല. മറിച്ച് എഴുത്തു പരീക്ഷ നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് മകൾക്ക് ജോലി ലഭിച്ചത്.  ഇതിന്റെ പേരിൽ യാതൊരു പണമിടപാടും നടന്നിട്ടില്ലെന്നും കെ വി ബാലകൃഷ്ണൻ മനോരമ ന്യൂസിനോട് പറഞ്ഞു.

 

നിയമന ശുപാർശ കത്തില്‍ പ്രതികരിച്ച് ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ. യോഗ്യതയുണ്ടായിട്ടും ജോലി നല്‍കാത്ത സാഹചര്യത്തിലാണ് കത്ത് നല്‍കിയത്. കത്ത് നൽകിയിട്ടും ജോലി നൽകിയിരുന്നില്ലെന്ന് എം.എല്‍.എ വിഡിയോ സന്ദേശത്തില്‍ പറഞ്ഞു. കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് വാങ്ങിയാണ് ജോലി ലഭിച്ചത്. കോണ്‍ഗ്രസ് നേതാവിന്റെ മകള്‍ക്കായാണ് എം.എല്‍.എ കത്ത് നല്‍കിയത്. എന്‍.എം.വിജയന്റെ മകന് ജോലി നൽകരുതെന്ന്  എവിടെയും പറഞ്ഞിട്ടില്ലെന്നും ഐ.സി.ബാലകൃഷ്ണന്‍ വ്യക്തമാക്കി.

ENGLISH SUMMARY:

Demand to change Wayanad DCC leadership; Leaders approach KPCC