TOPICS COVERED

സംസ്ഥാനത്ത് പെട്രോള്‍ പമ്പുടമകള്‍ സമരം നടത്തും. തിങ്കളാഴ്ച രാവിലെ ആറുമുതല്‍ ഉച്ചയ്ക്ക് 12 വരെ  പണിമുടക്ക് പ്രഖ്യാപിച്ചു. ടാങ്കര്‍ ലോറി ഡ്രൈവര്‍മാരുമായുണ്ടായ തര്‍ക്കത്തിലാണ് പെട്രോള്‍ പമ്പുടമകള്‍ സമരം ശക്തമാക്കുന്നത്. കോഴിക്കോട് വൈകിട്ട് രണ്ട് മണിക്കൂര്‍ പമ്പടച്ച് ഉടമകള്‍ പ്രതിഷേധിച്ചു.  

പ്ലാന്റില്‍ നിന്ന് പമ്പുകളിലേക്ക് ഇന്ധനമെത്തിക്കുന്ന ടാങ്കര്‍ ലോറി ഡ്രൈവര്‍മാര്‍ക്ക് പമ്പുടമകള്‍ ചായക്കാശ് നല്‍കുന്നത് പതിവാണ്. ഡ്രൈവര്‍മാര്‍  ഇത് കൂട്ടിച്ചോദിച്ചാണ് തര്‍ക്കത്തിന് കാരണം. പ്രശ്നം പരിഹരിക്കാന്‍ ഇരു കൂട്ടരേയും എലത്തൂരിലെ ഹിന്ദുസ്ഥാന്‍ പെട്രോളിയം പ്ലാന്റിലേക്ക് വിളിച്ചുവരുത്തിയിരുന്നു. ഇതിനിടെ ലോറി ഡ്രൈവര്‍മാര്‍ പമ്പുടമകളെ കയ്യേറ്റം ചെയ്തെന്ന് ആരോപിച്ചാണ് കോഴിക്കോട് ജില്ലയില്‍ വൈകിട്ട് നാല് മുതല്‍ ആറുവരെ പമ്പുകള്‍ അടച്ചിട്ട് പ്രതിഷേധിച്ചത്.

പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ തിങ്കളാഴ്ചയും അടച്ചിടാനാണ് തീരുമാനം. ചായക്കാശ് ഒരു കാരണവശാലും വർധിപ്പിക്കാന്‍ സാധിക്കില്ലെന്നാണ് പമ്പുടമകളുടെ നിലപാട്. എന്നാല്‍ ഏകപക്ഷീയമായ വർധനവ് ആവശ്യപ്പെട്ടിട്ടില്ലെന്നാണ് ലോറി  ഡ്രൈവര്‍മാര്‍ പറയുന്നത്. ഭൂരിഭാഗം പമ്പുടമകളും പണം തരുമ്പോള്‍ ചിലർമാത്രം മനപ്പൂർവം പ്രശ്നങ്ങള്‍ ഉണ്ടാക്കുകയാണ് അർഹതപ്പെട്ട പണം ചോദിക്കുമ്പോള്‍ തങ്ങളെ ഗുണ്ടകളായി ചിത്രീകരിക്കുകയാണെന്നും ഡ്രെവർമാരുടെ സംയുക്ത സംഘടന വ്യക്തമാക്കി.

ENGLISH SUMMARY:

Petrol pump owners to strike in the state on Monday