gopan-swami-samadhi

TOPICS COVERED

തിരുവനന്തപുരം വഴിമുക്കിൽ സ്വാമിയായ അച്ഛന്‍റെ മൃതദേഹം രഹസ്യമായി സംസ്കരിച്ച് മകൻ. അച്ഛൻ സമാധിയായി എന്നാണ് മകന്‍റെ അവകാശവാദം. സംഭവത്തില്‍ ദുരൂഹത ആരോപിച്ച് നാട്ടുകാരും ബന്ധുക്കളും രംഗത്തെത്തിയിട്ടുണ്ട്. അന്വേഷണത്തിന്‍റെ ഭാഗമായി സംസ്കരിച്ച സ്ഥലം പൊലീസ് സീൽ ചെയ്തു. 

 

കഴിഞ്ഞദിവസം രാവിലെയാണ് 78 വയസ്സുകാരനായ നെയ്യാറ്റിൻകര ഗോപൻ സ്വാമി മരിച്ചത് എന്നാണ് മകൻ സനന്ദൻ പറയുന്നത്. മക്കളായ സനന്ദനും രാജസേനനും ചേർന്നാണ് വീടിനടുത്ത് സംസ്കാരം നടത്തി അവിടെ സമാധി മണ്ഡപം സ്ഥാപിച്ചത്. ഗോപൻ സ്വാമി സമാധിയായി എന്ന് അവകാശപ്പെട്ട് പോസ്റ്റർ അടിച്ചപ്പോൾ മാത്രമാണ് നാട്ടുകാരും ബന്ധുക്കളും മരണ വിവരം അറിയുന്നത്. പിതാവിന്റെ ആഗ്രഹപ്രകാരം ‘സമാധി’ ഇരുത്തിയെന്നാണ് മക്കള്‍ പറയുന്നത്. താന്‍ സമാധി ആകാന്‍ പോകുന്ന കാര്യം പിതാവ് മുന്‍കൂട്ടി പറഞ്ഞിരുന്നുവെന്നും ജീവല്‍ സമാധി ആയ വ്യക്തിയെ അടക്കം ചെയ്യുന്നത് ആരും അറിയാന്‍ പാടില്ലെന്നും അതുകൊണ്ടാണ് ആരും കാണാതെ സംസ്കാരം നടത്തിയതെന്നും ഗോപന്‍ സ്വാമിയുടെ മകന്‍ രാജസേനന്‍ പറഞ്ഞു.

‘മൂന്ന് ദിവസം മുന്‍പ് അമ്മയുടെ അടുത്ത് പറഞ്ഞിരുന്നു ഞാന്‍ സമാധിയാകുമെന്ന്. തമാശ പറയുന്നതാകുമെന്ന് വിചാരിച്ച് അമ്മ ഞങ്ങളോട് ആരോടും പറഞ്ഞില്ല. വ്യാഴാഴ്ച പൂജയും നിവേദ്യവുമെല്ലാം കഴിഞ്ഞ് വീട്ടിലെത്തി പത്തരയായപ്പോള്‍ മക്കളെ സമാധിയാകാന്‍ സമയമായി എന്ന് പറഞ്ഞു’ മകന്‍ പറയുന്നു. ഒരു മരണം നടന്നിട്ട് ആരെയും അറിയിക്കാതെ മണ്ഡപം കെട്ടി പിതാവിന്റെ മൃതദേഹം പീഠത്തിലിരുത്തി സ്‌ളാബിട്ടു മൂടിയതില്‍ നാട്ടുകാര്‍‌ ദുരൂഹത ആരോപിക്കുന്നുണ്ട്. പോസ്റ്റര്‍ കണ്ട് നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് എത്തിയത്. വീടിനടുത്തായി കുടുംബത്തിന് ക്ഷേത്രവുമുണ്ട്.

ENGLISH SUMMARY:

Authorities investigate the secret burial of Neyyattinkara Gopan Swami in Vazhimmukku, Thiruvananthapuram. Sons claim 'Samadhi,' but locals and relatives suspect foul play.