350 ഗ്രാം ഭാരത്തോടെ ജനനം. അവയവങ്ങളൊന്നും പൂര്‍ണ വളര്‍ച്ചയെത്തിയില്ല. ഗുരുതരാവസ്ഥയില്‍ ജനിച്ച കുഞ്ഞുനോവയെ ജീവിതത്തിലേക്ക് എത്തിച്ചത് കൊച്ചി ലൂര്‍ദ് ആശുപത്രിയിലെ ഡോക്ടര്‍മാരുടെ രാപ്പകലില്ലാത്ത പരിചരണമാണ്. തെക്കുകിഴക്കന്‍ ഏഷ്യയിലെ ഏറ്റവും ഭാരം കുറഞ്ഞ കുഞ്ഞാണ് നോവ.
കൊച്ചി പെരുമ്പടപ്പ് സ്വദേശികളായ കെവിനും സുജിഷയ്ക്കും കഴിഞ്ഞ ഓഗസ്റ്റ് 19 നാണ് ആണ്‍കുഞ്ഞുജനിച്ചത്. ജനനസമയത്ത് വെറും 23 ആഴ്ച്ചമാത്രമായിരുന്നു വളര്‍ച്ച. ഭാരം 350 ഗ്രാം. പൂര്‍ണ വളര്‍ച്ചയെത്താത്തതിനാല്‍ അതിജീവനം ദുഷ്കരമായിരുന്നു. എന്നാല്‍ നോവയിലെ കുഞ്ഞുജീവന്‍റെ തുടിപ്പിനെ കാക്കാന്‍ ഡോ. റോജോ ജോയിയുടെ നോതൃത്വത്തില്‍ വിദഗ്ധ സംഘം കഴിയുന്നതെല്ലാം ചെയ്തു.
120 ദിവസത്തെ എന്‍ഐസിയുവിലെ പരിപാലനം കുഞ്ഞിന് പുതുജീവന്‍ നല്‍കി. നോവയ്ക്ക് ഇപ്പോള്‍ 2 കിലോഗ്രാമിനടുത്ത് ഭാരമുണ്ട്. നിലവില്‍ കുഞ്ഞ് പൂര്‍ണ ആരോഗ്യവാനാണ്. വൈകാതെ ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങും. 2019ല്‍ 380 ഗ്രാം ഭാരത്തോടെ ജനിച്ച കാശ്‍വിയെ ജീവിതത്തിലേക്ക് കൊണ്ടുവന്നതും ലൂര്‍ദ് ആശുപത്രിയായിരുന്നു.