തൃശൂര്‍ പീച്ചി ഡാം റിസര്‍വോയറില്‍ നാല് പെണ്‍കുട്ടികള്‍ വീണു. നാലുപേരെയും ആശുപത്രിയിലെത്തിച്ചു. മൂന്നുപേരുടെ നില ഗുരുതരമെന്ന് പൊലീസ്. സുഹൃത്തിന്‍റെ വീട്ടില്‍ തിരുനാള്‍ ആഘോഷത്തിന് വന്നവരാണ് അപകടത്തില്‍പ്പെട്ടത്. പാറയില്‍ കാല്‍വഴുതി വീണെന്നാണ് നിഗമനം. പട്ടിക്കാട് സ്വദേശികളായ ആന്‍ ഗ്രെയ്സ്(16) , അലീന(16) , എറിന്‍ (16), പീച്ചി സ്വദേശി നിമ(16) എന്നിവരാണ് അപകടത്തില്‍പ്പെട്ടത്.
പെണ്‍കുട്ടികളുടെ കരച്ചില്‍ കേട്ടെത്തിയവരാണ് രക്ഷിച്ചത്. മൂന്നുകുട്ടികള്‍ അബോധാവസ്ഥയിലായിരുന്നെന്ന് ദൃക്സാക്ഷി മനോരമ ന്യൂസിനോട് പറഞ്ഞു. കുട്ടികളെ രക്ഷിക്കാന്‍ എല്ലാ ശ്രമവും നടത്തുവെന്നും മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ നിര്‍ദേശം നല്‍കിയെന്നും മന്ത്രി കെ.രാജന്‍ അറിയിച്ചു. നാലുപേരും വെന്റിലേറ്ററിലെന്നും കുട്ടികളുടെ ആരോഗ്യനില നേരിയ രീതിയില്‍ മെച്ചപ്പെട്ടെന്നും തൃശൂര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞു.
പീച്ചി ഡാം റിസര്‍വോയര്‍ കാണാന്‍ വന്ന കുട്ടികളാണ് അപകടത്തില്‍പെട്ടത്. രണ്ടുപേര്‍ പാറയില്‍ കാല്‍ വഴുതിവീഴുകയായിരുന്നു. രക്ഷിക്കാനിറങ്ങിയ മറ്റുരണ്ടുപേരും വെള്ളത്തിലേക്ക് വീണു. അപകടമേഖലയിലാണ് പെണ്‍കുട്ടികള്‍ വീണതെന്ന് പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്‍റ് മനോരമ ന്യൂസിനോട് പറഞ്ഞു. പെട്ടന്ന് തന്നെ ആശുപത്രിയിലെത്തിച്ചെന്ന് ആംബുലന്‍സ് ഡ്രൈവര്‍ പറഞ്ഞു.