സത്രീപക്ഷത്ത് എന്ന് അവകാശപ്പെടുമ്പോഴും സംസ്ഥാന സർക്കാരില്‍ നിന്ന് തനിക്ക് ഒരു നീതിയും ഇന്ന് വരെ കിട്ടിയിട്ടില്ലെന്ന് പന്തീരങ്കാവ് സ്വദേശി ഹർഷീന. വയറ്റില്‍ കുടുങ്ങിയ കത്രികയുമായി അഞ്ച് വർഷം താന്‍ നരക തുല്യമായ ജീവിതം നയിച്ചിട്ടും അര്‍ഹമായ നഷ്ടപരിഹാരമോ പ്രതികള്‍ക്കെതിരെ നടപടി എടുക്കലോ ഉണ്ടായില്ല. ഒമ്പത് ശസ്ത്രക്രിയകള്‍ നേരിടേണ്ടി വന്ന തനിക്ക് തുടര്‍ ചികിത്സയ്ക്ക് പോലും പണമില്ലാത്ത സാഹചര്യമാണെന്നും ഹർഷീന മനോരമ ന്യൂസിനോട് പറഞ്ഞു.
ഈ വാക്കുകളില്‍ ഒന്നും ഒതുങ്ങുന്നതല്ല ഹർഷീന അനുഭവിച്ച വേദന. കത്രിക വയറില്‍ ഏറ്റി നടന്ന വേദനയുടെ അഞ്ചു വർഷങ്ങള്‍. ഒമ്പത് സർജറികള്‍, ആവശ്യത്തിനും അനാവശ്യത്തിനും കഴിച്ച മരുന്നുകള്‍ നല്‍കിയ പാർശ്വഫലങ്ങള്‍. ആശുപത്രികള്‍ കയറി ഇറങ്ങി മരവിച്ചുപോയത്താണ് ജീവിതം.ഡോക്ടര്‍ വരുത്തിയ അനാസ്ഥയില് നിന്ന് കരകയറാന്‍ ആറു ശസ്ത്രക്രിയ. ഇപ്പോഴും പഴയ ജീവിതത്തിലേക്ക് തിരിച്ചു വന്നിട്ടില്ല. ആശുപത്രി വാസം നല്‍കിയ സാമ്പത്തിക ബാധ്യതയില്‍ കുടുംബത്തിന്‍റെ താളം പാടെ തെറ്റി.
തെരുവില്‍ നൂറു ദിവസങ്ങള്‍ നീണ്ട സമരപോരാട്ടം നടത്തിയാണ് പൊലീസ് കോഴിക്കോട് മെഡിക്കല്‍ കോളജിലെ രണ്ട് ഡോക്ടര്‍മാരെയും നേഴ്സുമാരെയും പ്രതിചേര്‍ത്ത് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. കുന്ദമംഗലം കോടതിയില്‍ നടക്കേണ്ടിയിരുന്ന വിചാരണ പ്രതികള്‍ ഹൈക്കോടതിയില്‍ നിന്ന് സ്റ്റേ വാങ്ങി തടഞ്ഞു. കേസ് മുന്നോട്ട് കൊണ്ടുപോകാന്‍ പോലും സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് ഒരു ഇടപെടല്‍ ഉണ്ടായിട്ടില്ല. നീതിക്ക് വേണ്ടി ഇനിയും എത്രകാലമെന്നറിയാതെ കാത്തിരിക്കുകയാണ് ഹര്‍ഷീനയും കുടുംബവും.