കണ്ണൂര്‍ മുഴപ്പിലങ്ങാട് KSRTC ബസിടിച്ച് യുവാവ് മരിച്ചതില്‍ ഡ്രൈവര്‍ക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് കുടുംബം. അമിതവേഗത്തിലെത്തിയ KSRTC നാല്‍പ്പത്തിമൂന്നുകാരനായ അബ്ദുല്‍ സജ്‍മീറിനെ ഇടിച്ചുതെറിപ്പിച്ചുവെന്ന് കാട്ടി മുഖ്യമന്ത്രിക്കും ഗതാഗതമന്ത്രിക്കും ബന്ധുക്കളും സുഹൃത്തുക്കളും പരാതി നല്‍കി. സംഭവത്തില്‍ എടക്കാട് പൊലീസ് ഡ്രൈവര്‍ ഷാജനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു.
ഏഴാം തിയതി രാത്രി പത്ത് മണിയ്ക്ക് ഭാര്യവീട്ടിലേക്ക് പോവുകയായിരുന്നു തലശേരി സ്വദേശി സജ്‍മീര്‍. സര്‍വീസ് റോഡില്‍ അമിതവേഗത്തിലെത്തിയ തൃശൂര്‍–കണ്ണൂര്‍ സൂപ്പര്‍ഫാസ്റ്റ് ബസ് സ്കൂട്ടര്‍ യാത്രക്കാരനായ യുവാവിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ബസ് ദേഹത്ത് കയറിയിറങ്ങുകയും ചെയ്തു. ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് ആശുപത്രിയിലെത്തും മുമ്പേ സജ്മീര്‍ മരിച്ചു. കെഎസ്ആര്‍ടിസി ഡ്രൈവര്‍ ഇരിട്ടി സ്വദേശി ഷാജനെ എടക്കാട് പൊലീസ് മനപ്പൂര്‍വമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. എന്നാല്‍ ഡ്രൈവര്‍ക്കെതിരെ നരഹത്യാക്കുറ്റം ചുമത്തണമെന്നും വകുപ്പുതല നടപടി വേണമെന്നുമാണ് കുടുംബം ആവശ്യപ്പെടുന്നത്.
ഗതാഗത മന്ത്രിക്ക് നല്‍കിയ പരാതിയില്‍ പരിശോധിച്ച് ഉചിതമായ നടപടിയുണ്ടാകുമെന്നാണ് ലഭിച്ച മറുപടി. അശ്രദ്ധമായി വാഹനം ഓടിച്ചെന്നാണ് ബസ് ഡ്രൈവര്‍ ഷാജനെതിരായ എഫ്ഐആര്‍ വ്യക്തമാക്കുന്നത്. ബൈപ്പാസ് വഴി കടന്നുപോകേണ്ട ബസ് സര്‍വീസ് റോഡില്‍ കയറിയതും അമിതവേഗതയും കുടുംബം ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാല്‍ സ്കൂട്ടര്‍ യാത്രക്കാരനെ താന്‍ കണ്ടില്ലെന്നാണ് ഡ്രൈവറുടെ മൊഴി. സജ്മീറിന്‍റെ മരണത്തോടെ അനാഥരായ രണ്ട് ചെറിയ മക്കളുടെ ഭാവിയോര്‍ത്ത് ആശങ്കയിലാണ് കുടുംബം.