മകരവിളക്ക് ഉല്‍സവം അടുത്തതോടെ ശബരിമല സന്നിധാനത്ത് തീര്‍ഥാടകര്‍ തമ്പടിച്ചു തുടങ്ങി. ഇപ്പോള്‍തന്നെ ഒരു ലക്ഷത്തോളം തീര്‍ഥാടകര്‍ ഉണ്ടെന്നാണ് പൊലീസിന്‍റെ കണക്ക്. സന്നിധാനത്തേക്ക് എത്തുന്ന തീര്‍ഥാടകരുടെ എണ്ണം പരിമിതപ്പെടുത്തി.
പത്താംതീയതി മുതല്‍ മലകയറിയവരില്‍ വലിയൊരു വിഭാഗം സന്നിധാനത്ത് തമ്പടിച്ചിരിക്കുകയാണ്. പര്‍ണശാലകള്‍ നിറഞ്ഞു തുടങ്ങി.മകരവിളക്ക് കാണാവുന്ന പാണ്ടിത്താവളം,ഉരക്കുഴി ഭാഗത്താണ് തീര്‍ഥാടകര്‍ നിറയുന്നത്.മഞ്ഞും മഴയും വെയിലുമേറ്റ് ദിവസങ്ങളോളം തമ്പടിക്കാന്‍ ഒരുങ്ങിയാണ് കുട്ടികളും,പ്രായമായവരും അടക്കം തീര്‍ഥാടകര്‍ വരുന്നത്.
അപകട സാധ്യതയുള്ളതിനാല്‍ പര്‍ണശാലകളില്‍ പാചകത്തിന് വിലക്കുണ്ട്.വന്യമൃഗ ഭീതിയുള്ളതിനാല്‍ ഉരല്‍ക്കുഴിയിലടക്കം വനത്തിലേക്ക് തീര്‍ഥാടകര്‍ പോകരുതെന്ന് നിര്‍ദേശമുണ്ട്.കാട്ടുവഴികളിലൂടെ അനധികൃതമായി തീര്‍ഥാടകര്‍ സന്നിധാനത്തേക്ക് എത്താതിരിക്കാന്‍ വനമേഖലയില്‍ അടക്കം പൊലീസ് നിരീക്ഷണമുണ്ട്.അയ്യായിരം പൊലീസുകാരെ ആണ് വിവിധയിടങ്ങളില്‍ മകരവിളക്ക് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ളത്