പത്തനംതിട്ടയിൽ ദലിത് പെൺകുട്ടി പീഡനത്തിനിരയായ കേസ് അന്വേഷിക്കാൻ ഡിഐജിയുടെ മേൽനോട്ടത്തിൽ പ്രത്യേക സംഘം രൂപീകരിച്ചു. ഡിവൈഎസ്പി എസ് നന്ദകുമാറിന്റെ നേതൃത്വത്തിൽ ഇരുപത്തിയഞ്ചു പേരാണ് അന്വേഷണ സംഘത്തിലുള്ളത്. കേസിൽ മൂന്നുദിവസം കൊണ്ട് അറസ്റ്റിലായവരുടെ എണ്ണം ഇരുപത്തിയാറായി. കസ്റ്റഡിയിലുള്ള ഏഴുപേരെ പൊലീസ് ചോദ്യം ചെയ്യുകയാണ്. പതിനാല് എഫ്ഐആറാണ് ഇതിനോടൊപ്പം റജിസ്റ്റർ ചെയ്തിരിക്കുന്നത്.

അതീവ പ്രാധാന്യം കണക്കിലെടുത്താണ് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകിയത്.  ഡിഐജി അജിതാ ബീഗം മേൽനോട്ടം വഹിക്കും. നിലവിൽ അന്വേഷണം നടത്തുന്ന പത്തനംതിട്ട ഡിവൈഎസ്പി എസ് നന്ദകുമാറിന്റെ നേതൃത്വത്തിൽ 25 പേരടങ്ങുന്ന ഉദ്യോഗസ്ഥരാണ് അന്വേഷണസംഘത്തിലുള്ളത്. ദേശീയ വനിതാ കമ്മിഷനും കഴിഞ്ഞദിവസം പൊലീസിനോട് റിപ്പോർട്ട് തേടിയിരുന്നു. കേസിൽ കൂടുതൽ പേരുടെ അറസ്റ്റ് നടപടികൾ തുടരുകയാണ്.  അറസ്റ്റിലായവരിൽ പ്രായപൂർത്തിയാകാത്ത മൂന്നുപേരും ഉൾപ്പെടുന്നു. 

ഇലവുംതിട്ട, പത്തനംതിട്ട പൊലീസ് സ്റ്റേഷനുകളിലായാണ്  എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പെൺകുട്ടി ഉപയോഗിച്ച ഫോണിലേക്ക് പലരും അശ്ലീല ദൃശ്യങ്ങൾ അയച്ചതായും ഇതിൽ പെൺകുട്ടിയുടെ നഗ്ന ദൃശ്യം ഉപയോഗിച്ച് കൂടുതൽ പേർ പെൺകുട്ടിയെ സമ്മർദത്തിലാക്കി പീഡിപ്പിക്കുകയും ചെയ്തെന്നാണ് കണ്ടെത്തൽ. സ്മാർട് ഫോൺ ഉപയോഗം അറിയാത്ത അച്ഛന്റെ മൊബൈൽ ഫോണിൽ ആയിരുന്നു പെൺകുട്ടിയും പ്രതികളുമായുള്ള ആശയ വിനിമയം.

നഗ്ന ദൃശ്യങ്ങളും ഫോൺനമ്പറും പ്രചരിപ്പിച്ചതായും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാൻഡിൽ വച്ചും അതിക്രമം ഉണ്ടായതാണ് വിവരം. പ്രതികൾക്ക് സഹായം നൽകിയവരും പീഡനത്തിന് കൂട്ടുനിന്നു സഹായിച്ച ഓട്ടോറിക്ഷ ഡ്രൈവർമാരും പെൺകുട്ടിയുടെ നഗ്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ച പ്രായപൂർത്തിയാകാത്തവരും പ്രതി പട്ടികയിലുണ്ട്.

ENGLISH SUMMARY:

Pathanamthitta rape case: 26 people arrested; special team formed to investigate