തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ പിതാവിനെ മക്കള്‍ സമാധിയിരുത്തിയതില്‍ ബന്ധുക്കളുടെ മൊഴികളില്‍ പൊരുത്തക്കേടെന്ന് പൊലീസ്. ദുരൂഹത നീക്കാനായി കല്ലറ പൊളിച്ചുള്ള പരിശോധന ഇന്നില്ല. പൊലീസിന്‍റെയും റവന്യൂവകുപ്പിന്‍റെയും വിശദ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം തീരുമാനം നാളെയെന്ന് സബ് കലക്ടര്‍ അറിയിച്ചു.
ഗോപന്‍ സ്വാമിയെന്ന് അറിയപ്പെടുന്ന നെയ്യാറ്റിന്‍കര ആറാലുംമൂട് സിദ്ധന്‍ ഭവനില്‍ മണിയനെന്ന ഗോപനെയാണ് രണ്ട് ആണ്‍മക്കളും ഭാര്യയും ചേര്‍ന്ന് വീട്ടുമുറ്റത്ത് കോണ്‍ക്രീറ്റ് അറയുണ്ടാക്കി സമാധിയിരുത്തിയത്. മരണസമയം മുന്‍കൂട്ടി കണ്ട അച്ഛന്‍ അവിടെയിരുന്ന് സമാധിയായെന്നാണ് ഇളയ മകന്‍ പറയുന്നത്.
വീട്ടില്‍ കിടന്ന് മരിച്ച അച്ഛനെ കോണ്‍ക്രീറ്റ് തറയുടെ സ്ഥലത്ത് കൊണ്ട് സമാധിയിരുത്തിയെന്നാണ് മൂത്തമകന്‍റെ മൊഴി. രണ്ട് ദിവസമായി കിടപ്പിലായിരുന്ന ഗോപന്‍ എഴുന്നേറ്റ് നടന്ന് പോയി സമാധി സ്ഥലത്ത് ഇരിക്കാനുള്ള സാധ്യതയില്ലെന്നാണ് മറ്റൊരു ബന്ധുവിന്‍റെയും മൊഴി. മൊഴികളിലെ പൊരുത്തക്കേടും മരണവിവരം പുറത്തറിയിക്കാത്തതുമാണ് ദുരൂഹതക്ക് കാരണം.
ജീവനോടെയാണോ കോണ്‍ക്രീറ്റ് അറക്കുള്ളിലിരുത്തിയതെന്നാണ് അറിയേണ്ടത്. ഇതിനായി കല്ലറ പൊളിച്ച് പരിശോധിക്കാന്‍ പൊലീസ് കലക്ടറുടെ അനുമതി തേടിയെങ്കിലും വിശദ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം നാളെ തീരുമാനമെന്ന് സബ് കലക്ടര്‍ അറിയിച്ചു. നാളെ തീരുമാനമായാലും രണ്ട് ദിവസത്തിനുള്ളിലേ കല്ലറ പൊളിക്കു. പോസ്റ്റുമോര്‍ട്ടത്തിലൂടെ മരണകാരണം കണ്ടെത്തും. ജീവനോടെയാണ് സമാധിയിരുത്തിയതെന്ന് തെളിഞ്ഞാല്‍ മക്കളും ഭാര്യയും കൊലക്കേസില്‍ പ്രതികളാവും.