തൃശൂർ ചീരാച്ചിയിൽ ഞായറാഴ്ച കുർബാന കാണാൻ പള്ളിയിൽ പോയ രണ്ടു സ്ത്രീകൾ കെഎസ്ആര്‍ടിസി ബസിടിച്ച് മരിച്ചു. അമിത വേഗതയിലായിരുന്ന ബസ് രണ്ടു പേരെയും ഇടിച്ചു വീഴ്ത്തി. തൃശൂർ ചീരാച്ചിയിൽ ഇന്നു രാവിലെ ആറരയോടെയായിരുന്നു അപകടം. ഗലീലി ദേവാലയത്തിൽ കുർബാന കാണാൻ പോയതായിരുന്നു രണ്ട് സ്ത്രീകൾ. കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിടിച്ചാണ് മരിച്ചത്. ചീരാച്ചി സ്വദേശികളായ 72 കാരി
എൽസി , 73 കാരി മേരി എന്നിവരാണ് മരിച്ചത്. ഇരുവരും ബന്ധുക്കളാണ്.
റോഡ് കുറുകെ കടക്കുന്നതിനിടെ ബസിടിക്കുകയായിരുന്നു. ബസ് നല്ല വേഗതയിലായിരുന്നു. തൃശൂരിൽ നിന്ന് തിരുവനന്തപുരത്തേയ്ക്ക് പോകുകയായിരുന്നു ബസ്. ഇടറോഡിൽ നിന്ന് നടന്നു വന്ന സ്ത്രീകൾ മെയിൻ റോഡ് കുറുകെ കടക്കുമ്പോഴായിരുന്നു അപകടം. ഇരുവരുടെയും ദേഹത്തു കൂടെ ബസ് കയറിയിറങ്ങി. കാൽ നട യാത്രക്കാർക്ക് കടക്കാൻ ഇവിടെ സീബ്ര ലൈൻ വേണമെന്ന് നാട്ടുകാർ പറഞ്ഞു.
സ്ഥിരം അപകടമേഖലയാണിത്. കുണ്ടും കുഴിയും നിറഞ്ഞ റോഡ് നാട്ടുകാരുടെ പ്രതിഷേധത്തിനൊടുവിൽ ടാർ ചെയ്തു. മികച്ച റോഡ് ആയതോടെ വാഹനങ്ങളുടെ വേഗവും കൂടി.