രണ്ട് ഉപഗ്രഹങ്ങളെ ബഹിരാകാശത്തു വച്ചു കൂട്ടിയോചിപ്പിക്കുന്ന ഇസ്റോയുടെ സ്പേസ് ഡോക്കിങ് പരീക്ഷണം വൈകും. അവസാന നിമിഷത്തില്‍ പരീക്ഷണത്തില്‍ നിന്ന് ഉപഗ്രഹങ്ങളെ പിന്‍വലിച്ച ഇസ്റോ സുരക്ഷിത സ്ഥാനത്തേക്കു മാറ്റി. തമ്മിലുള്ള അകലം മൂന്നു മീറ്ററായിരിക്കെയാണ് പരീക്ഷണം നിര്‍ത്തിയത്. ട്രയല്‍ റണ്‍ വിജയകരമായിരുന്നെന്നും അന്തിമ പരീക്ഷണം പിന്നീടെന്നും ഇസ്റോ അറിയിച്ചു.
ഡിസംബര്‍ 30നു പി.എസ്.എല്‍.വി സി60 റോക്കറ്റ് ഭ്രമണപഥത്തിലെത്തിച്ച ഉപഗ്രഹങ്ങളെ നേരത്തെ രണ്ടുതവണ കൂട്ടിയോചിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. പുലര്‍ച്ചെ 3.10 ഓടെ രണ്ട് ഉപഗ്രഹങ്ങളെയും 105 മീറ്റര്‍ അകലത്തില്‍ എത്തിച്ചു. ചേസര്‍,ടാര്‍ജറ്റ് ഉപഗ്രഹങ്ങള്‍ പരസ്പരം ആശയവിനിമയവും തുടങ്ങി. പരസ്പരം ചിത്രങ്ങളെടുത്തു ഭൂമിയിലെ കണ്‍ട്രോള്‍ സെന്റററിലേക്കു കൈമാറി പിന്നീട് അകലം പതിനഞ്ചു മീറ്ററാക്കി ചുരുക്കി. ഇതോടെ ഷേക്ക് ഹാന്‍ഡിങ് പ്രൊസസെന്നു വിളിക്കുന്ന ഡോക്കിങ് നടപടികളിലേക്കു കടന്നു.
തുടര്‍ന്നു അകലം മൂന്നു മീറ്ററാക്കി. അസാധാരണത്വം കണ്ടെത്തിയതോടെ ഡോക്കിങ് നിര്‍ത്തി ഉപഗ്രഹങ്ങളെ സുരക്ഷിത അകലത്തിലേക്കു നീക്കി. ഉപഗ്രഹങ്ങളുടെ അലൈന്‍മെന്റ്, അടക്കമുള്ള ഡേറ്റകള്‍ വിശദമായി പഠിച്ച ശേഷം അടുത്ത നീക്കത്തിലേക്കു കടന്നാല്‍ മതിയെന്നാണ് തീരുമാനം. രണ്ടുതവണ അകലം കുറച്ചുകൊണ്ടുവരുന്നതു പരാജയപ്പെട്ടതിനാല്‍ ഇത്തവണ കൂടുതല്‍ കരുതലെടുത്താണ് ഇസ്റോ മുന്നോട്ടുപോകുന്നത്. കൂടാതെ രണ്ട് ഉപഗ്രഹങ്ങളിലും ഇന്ധനം കുറവായതിനാല്‍ ഇത്തവണ പാളിച്ചയുണ്ടായാല്‍ വീണ്ടുമൊരു പരീക്ഷണം അസാധ്യമായേക്കുമെന്ന ആശങ്കയും പുതിയ തീരുമാനത്തിനു പിന്നിലുണ്ട്.
പേടകങ്ങളെ ബഹിരാകാശത്തുവച്ച് കൂട്ടിയോജിപ്പിക്കുന്നതിലും വേര്‍പെടുത്തുന്നതിലും വിജയിച്ചാല്‍ ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ. യുഎസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങളാണ് ഈ നേട്ടം കൈവരിച്ച മറ്റു രാജ്യങ്ങള്‍. ദൗത്യത്തിന്റെ ഭാഗമായി മറ്റു രണ്ടു പരീക്ഷണങ്ങളും ഐഎസ്ആര്‍ഒ വിജയകരമായി പൂര്‍ത്തിയാക്കി.