റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ അകപ്പെട്ട തൃശൂര്‍ കുട്ടനല്ലൂര്‍  സ്വദേശി ബിനില്‍ ബാബു മരിച്ചു. ബിനിലിന്‍റെ കുടുംബത്തെ ഇന്ത്യന്‍ എംബസി വിവരമറിയിച്ചു . യുക്രെയ്നിലുണ്ടായ ഷെല്ലാക്രമണത്തില്‍ ബിനിലിന് പരുക്കേറ്റിരുന്നു. കുട്ടനെല്ലൂർ തോലത്ത് വീട്ടിൽ ബാബുവിന്റെയും ലൈസയുടെയും മകനാണ് ബിനിൽ. ബിനിലിനൊപ്പം ബന്ധുകൂടിയായ ജെയ്നും റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ അകപ്പെട്ടിരുന്നു. ഇരുവരെയും നാട്ടിലേക്ക് എത്തിക്കാനുള്ള ശ്രമം നടക്കുന്നതിനിടയിലാണ് ബിനിലിന്റെ മരണവാർത്തയെത്തുന്നത്. 

മെച്ചപ്പെട്ട ജോലിക്കു വേണ്ടിയുള്ള അന്വേഷണത്തിനിടയിൽ ചതിയിൽപെടുകയായിരുന്നു ഇരുവരും. അകന്ന ബന്ധു വഴിയാണ് കഴിഞ്ഞ ഏപ്രിൽ 4ന് രണ്ടുപേരും റഷ്യയിൽ എത്തിയത്. പോളണ്ടിൽ ജോലി ശരിയാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് യുവാക്കളെ യാത്രയ്ക്ക് സന്നദ്ധരാക്കിയത്. വീസയുടെ നടപടിക്രമങ്ങൾ അന്തിമ ഘട്ടത്തിലായപ്പോഴാണ് ജോലി റഷ്യയിലാണെന്ന് ഇരുവരും അറിയുന്നത്.

കൂലിപ്പട്ടാളത്തിൽ പരിശീലനത്തിനാണ് ആദ്യം നിയോഗിച്ചത്. പിന്നീട് യുദ്ധഭൂമിയിൽ ഭക്ഷണം എത്തിക്കലും ട്രഞ്ച് നിർമിക്കലുമായി ജോലി. യുദ്ധഭൂമിയിലേക്കു നേരിട്ട് നിയോഗിക്കലാണ് അടുത്തഘട്ടമെന്നാണു കഴിഞ്ഞ ദിവസം ജെയ്ൻ പറഞ്ഞത്. തുടർന്ന് വിളിക്കാൻ കഴിയുമെന്ന് തോന്നുന്നില്ലെന്നും അറിയിച്ചു. ബിനിൽ നാല് മാസം പ്രായമുള്ള മകനെ കണ്ടിട്ടില്ല. കൊച്ചിയിൽ മെക്കാനിക്കായാണു ജെയ്ൻ ജോലി ചെയ്തിരുന്നത്. ബിനിൽ ഇലക്ട്രീഷ്യനാണ്. ഒമാനിൽ ആയിരുന്നു ജോലി. ശമ്പളം മുടങ്ങാൻ തുടങ്ങിയതോടെ 4 മാസം മുൻപ് പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങി. 2 പേരെയും ഇലക്ട്രീഷ്യൻ ജോലിക്കെന്നു ധരിപ്പിച്ചാണ് റഷ്യയിൽ എത്തിച്ചത്.

ENGLISH SUMMARY:

Binil Babu, a native of Kuttanellur, Thrissur, who was trapped in the Russian mercenary army, has passed away