ഇന്നലെ അര്‍ധരാത്രിയോടെയാണ് പ്രാര്‍ഥനകള്‍ വിഫലമാക്കി തൃശൂര്‍ പീച്ചി ഡാം റിസര്‍വോയറില്‍ വീണ നാലു പെണ്‍കുട്ടികളില്‍ ഒരാളായ അലീന മരിച്ചത്. ബന്ധുക്കളും കുടുംബാംഗങ്ങളും പ്രാര്‍ഥനയോടെ ജൂബിലി മിഷന്‍ ആശുപത്രിയുടെ ക്രിട്ടിക്കല്‍ ഐ.സി.യുവിന് മുമ്പില്‍ ഇരിക്കുമ്പോഴാണ് ഡോക്ടര്‍മാര്‍ അലീനയുടെ മരണം സ്ഥിരീകരിക്കുന്നത്. ഒരുമിച്ച് കൈപിടിച്ചെത്തിയ നാലു പേരില്‍ മൂന്ന് പേര്‍ ആശുപത്രിക്കിടക്കയില്‍ ജീവനു വേണ്ടി പോരാടുമ്പോള്‍ ആ കൈകള്‍ വിട്ട് പതിനാലുകാരി അലീന മടങ്ങുകയാണ്.
പീച്ചി പള്ളിയിലെ തിരുന്നാളില്‍ പങ്കെടുക്കാനാണ് പട്ടിക്കാട് സ്വദേശികളും വിദ്യാര്‍ഥിനികളുമായ ആന്‍ ഗ്രേയ്സ്, അലീന, എറിന്‍ എന്നിവര്‍ പീച്ചി സ്വദേശിനിയായ പതിനൊന്നു വയസുകാരി നിമയുടെ വീട്ടിലെത്തിയത്. തിരുന്നാള്‍ ദിനത്തിലെ ഉച്ചഭക്ഷണത്തിനു ശേഷം റിസര്‍വോയര്‍ കാണാന്‍ വേണ്ടി പുറത്തിറങ്ങി. നിമയുടെ വീടിനടത്തുതന്നെയാണ് ഡാം. നിമയുടെ അച്ഛനും അമ്മയ്ക്കുമൊപ്പമാണ് ഡാം റിസര്‍വോയര്‍ കാണാനെത്തിയത്.
റിസര്‍വോയറിന്‍റെ അരികില്‍ ഇറങ്ങി നിന്നപ്പോഴാണ് ഒരു കുട്ടിയുടെ കാലില്‍ നിന്ന് ചെരിപ്പ് വഴുതി പോയത്. ഇതെടുക്കാന്‍ ശ്രമിക്കുന്നതിനിടെ മുങ്ങുകയായിരുന്നു. നാലു പേരും കൈകോര്‍ത്ത് നില്‍ക്കുമ്പോഴാണ് മുങ്ങിയത്. പെണ്‍കുട്ടികള്‍ നിന്നിരുന്ന ഭാഗത്ത് ചെളിയായിരുന്നു. ആര്‍ക്കും നീന്തല്‍ വശമില്ലായിരുന്നു. കരയിലുണ്ടായിരുന്ന മാതാപിതാക്കളാണ് രണ്ടു പേരെ പുറത്തെടുത്തത്. ഇവരുടെ നിലവിളി കേട്ടാണ് അയല്‍വാസികളായ യുവാക്കള്‍ ഓടിയെത്തുന്നത്. സമീപത്തെ താമസക്കാരന്‍ കൂടിയായ മുങ്ങല്‍ വിദഗ്ധന്‍ മെജോയ് കുര്യന്‍ ഓടിയെത്തിയാണ് മുങ്ങിയ കുട്ടികളെ പുറത്തെടുത്തത്. ഉടനെ, പ്രാഥമിക ശുശ്രൂഷയായ സി.പി.ആര്‍. നല്‍കി ആശുപത്രിയിലെത്തിച്ചു.
വെന്‍റിലേറ്റര്‍ സഹായത്തോടെ ചികില്‍സ തുടരുന്നതിനിടെ ഹൃദയസ്തംഭനം ഉണ്ടായതോടെയാണ് അലീന മരിക്കുന്നത്. തൃശൂര്‍ സെന്‍റ് ക്ലയേഴ്സ് സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് അലീന. തൃശൂര്‍ കോര്‍പറേഷനിലെ ക്ലാര്‍ക്കാണ് അച്ഛന്‍ ഷാജന്‍. പീച്ചി സഹകരണ ബാങ്കിലെ ഉദ്യോഗസ്ഥയായ സിജിയാണ് അമ്മ. ക്രിസ്റ്റീന ഏകസഹോദരിയാണ്. അതേസമയം, ആന്‍ ഗ്രേയ്സിന്‍റേയും എറിന്‍റേയും ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതര്‍ മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കി.