മുസ്ലിം ലീഗ് ആലപ്പുഴ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സെമിനാറിൽ നിന്ന് ജി. സുധാകരൻ പിൻവാങ്ങി. ഭരണഘടനയും ന്യൂനപക്ഷ അവകാശങ്ങളും എന്ന സെമിനാറിൽ ആരോഗ്യ കാരണങ്ങളാലാണ് എത്താത്തതെന്നാണ് വിശദീകരണം. സിപിഎം പ്രതിനിധി ആയാണ് പ്രഭാഷണത്തിന് സുധാകരനെ ക്ഷണിച്ചിരുന്നത്. സിപിഐയുടെയും ആർഎസ് പിയുടെയും പ്രതിനിധികൾ സെമിനാറിൽ പ്രസംഗിച്ചു.
പങ്കെടുക്കാമെന്ന് ജി. സുധാകരന്‍ നേരത്തെ അറിയിച്ചിരുന്നുവെന്ന് ലീഗ് ജില്ലാ നേതൃത്വം വ്യക്തമാക്കി. പങ്കെടുക്കരുതെന്ന് എന്തെങ്കിലും തിട്ടൂരം കിട്ടിയിട്ടുണ്ടോ എന്നറിയില്ലെന്ന് ലീഗ് ജില്ലാ പ്രസിഡൻ്റ് എ.എം നസീർ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. ജി. സുധാകരനെ സ്വന്തം പാർട്ടിയുടെ യോഗത്തിലും മറ്റ് യോഗങ്ങളിലും സംസാരിക്കാൻ മുഖ്യമന്ത്രി അനുവദിക്കുന്നില്ല എന്ന് സെമിനാർ ഉദ്ഘാടനം ചെയ്ത രമേശ് ചെന്നിത്തലയും പറഞ്ഞു.