ഹൃദയാരോഗ്യരംഗത്തെ മലയാള മനോരമയുടെ ഇടപെടലുകൾക്ക് നന്ദിയും അഭിനന്ദനവും അറിയിച്ച് ആരോഗ്യമന്ത്രി വീണ ജോർജ് . മലയാള മനോരമയും മദ്രാസ് മെഡിക്കൽ മിഷനും സംഘടിപ്പിക്കുന്ന ഹൃദയപൂർവ്വം പദ്ധതിയുടെ ഭാഗമായ പാനൽ ചർച്ച ആരോഗ്യമന്ത്രി ഉദ്ഘാടനം ചെയ്തു. കുട്ടികളിലെയും യുവാക്കളിലെയും ഹൃദ്രോഗങ്ങൾ സംബന്ധിച്ച പാനൽ ചർച്ചകളാണ് കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടന്നത്.
2500 ലധികം സൗജന്യ ഹൃദയശസ്ത്രക്രിയകൾ. 82 ലധികം സൗജന്യ പരിശോധന ക്യാമ്പുകൾ. കേരളത്തിന്‍റെ ഹൃദയാരോഗ്യത്തിൽ മലയാള മനോരമയുടെ ഉത്തരവാദിത്തബോധത്തോടെയുള്ള 25 വർഷങ്ങളെ അഭിനന്ദിച്ച് ആരോഗ്യമന്ത്രി. മനോരമ ന്യൂസ് ന്യൂസ് ഡയറക്ടർ ജോണി ലൂക്കോസ് മോഡറേറ്ററായ ചർച്ചയിൽ യുവാക്കളുടെ ജീവിതശൈലിയും ഹൃദ്രോഗങ്ങളും ചർച്ചയായി.
മദ്രാസ് മെഡിക്കൽ മിഷൻ ആശുപത്രി ചെയർമാൻ ഡോ.അജിത് മുല്ലശേരി,ഡോ. വി. എം. കുര്യൻ, ഡോ. വിജിത്ത് കോശി ചെറിയാൻ എന്നിവർ പാനൽ ചർച്ചയിൽ പങ്കെടുത്തു.കുട്ടികളിൽ ജന്മനാ ഉണ്ടാകുന്ന ഹൃദ്രോഗങ്ങൾ സംബന്ധിച്ച പാനൽ ചർച്ചയിൽ ഡോ. ശ്രീജ പവിത്രൻ, ഡോ. രവി അഗർവാൾ, ഡോ.കെ ശിവകുമാർ എന്നിവർ പങ്കെടുത്തു. മനോരമ ന്യൂസ് ന്യൂസ് പ്രൊഡ്യൂസർ ധന്യ കിരൺ മോഡറേറ്ററായി. ഹൃദയപൂർവ്വം യാത്രയിൽ ഒപ്പമുണ്ടായിരുന്ന മദ്രാസ് മെഡിക്കൽ മിഷൻ പ്രതിനിധികളെ മലയാള മനോരമ ഡയറക്ടറും റസിഡന്‍റ് എഡിറ്ററുമായ ഹർഷ മാത്യു ആദരിച്ചു.
ഹൃദയപൂർവ്വം ആരംഭിച്ചപ്പോൾ മുതൽ മലയാള മനോരമയിൽ പ്രസിദ്ധീകരിച്ച വാർത്തകളുടെയും ചിത്രങ്ങളുടെയും പ്രദർശനവുമുണ്ടായി.