ഡെറാഡൂണില്‍ ഈ മാസം 28നാണ് മുപ്പത്തിയെട്ടാമത് ദേശീയ ഗെയിംസിന് തിരിതെളിയുന്നത്. ഇനി ബാക്കിയുള്ളത് പതിനഞ്ച് ദിവസം മാത്രം. പക്ഷെ കേരളത്തിന്‍റെ താരങ്ങള്‍ക്ക് മതിയായ പരിശീലനത്തിനുള്ള സൗകര്യങ്ങള്‍ പോലും ഒരുക്കാനാകാതെ വലയുകയാണ് അസോസിയേഷനുകള്‍. കാരണം പണമില്ല. പണം നല്‍കേണ്ട സ്പോര്‍ട് കൗണ്‍സില്‍ കൈമലര്‍ത്തി നില്‍ക്കുന്നു. കാരണം ധനവകുപ്പ് ഇതുവരെ പണം റിലീസ് ചെയ്തിട്ടില്ല.
ദേശീയ ഗെയിംസില്‍ അത്‌ലറ്റിക്സ് ഉള്‍പ്പെടേ 28 ഇനങ്ങളിലാണ് കേരളം പങ്കെടുക്കുന്നത്. ഓരോ ഇനത്തിനുമുള്ള അന്തിമ ടീമിനെ തീരുമാനിച്ച് അവര്‍ക്ക് 21 ദിവസത്തെ പരിശീലന ക്യംപ്. ഇതായിരുന്നു കേരള ഒളിംപിക് അസോസിയേഷന്‍ അസോസിയേഷനുകള്‍ക്ക് നല്‍കിയ നിര്‍ദേശം. എന്നാല്‍ പല ടീമുകള്‍ക്കും രണ്ടാഴ്ചത്തെ ക്യാംപ് പോലും നല്‍കുക ഇനി അസാധ്യം.
കേരളത്തിന് സ്വര്‍ണ സാധ്യതകളുള്ള അത്‌ലറ്റിക്സ്, ബാസ്കറ്റ് ബോള്‍, വോളീബോള്‍, ജിംനാസ്റ്റിക്സ്, എന്നീ ഇനങ്ങളില്‍ ഇതുവരെ ക്യാംപ് തുടങ്ങിയിട്ടില്ല. മെഡല്‍ പ്രതീക്ഷകള്‍ സജീവമായ നീന്തല്‍, ജൂഡോ, ബീച്ച് ഹാന്‍ബാള്‍, കയാകിങ്, റോവിങ് എന്നിവയ്ക്ക് ക്യാംപ് തുടങ്ങാനായത് മാത്രമാണ് ആശ്വാസം. അടുത്തയാഴ്ചയോടെ സര്‍ക്കാര‍് പണം റിലീസ് ചെയ്യുമെന്ന പ്രതീക്ഷയില്‍ കയ്യിലുള്ള പണം ഉപയോഗിച്ചാണ് അസോസിയേഷനുകള്‍ നിലവില്‍ ക്യാംപുകള്‍ നടത്തുന്നത്. പണം റിലീസ് ചെയ്തില്ലെങ്കില്‍ ഈ ക്യാംപുകള്‍ പാതിവഴിയില്‍ നിര്‍ത്തേണ്ടിവരും. 9 കോടി രൂപയാണ് ദേശീയ ഗെയിംസിനായി സ്പോര്‍ടസ് കൗണ്‍സില്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ ഫയല്‍ ധനവകുപ്പില്‍ കെട്ടിക്കിടക്കുകയാണ്. പണം അനുവദിക്കാത്തതുകൊണ്ട് താരങ്ങളുടെ യാത്രയ്ക്കുള്ള ടിക്കറ്റ് പോലു ഇതുവരെ ബുക്ക് ചെയ്തിട്ടില്ല.
2021 മുതല്‍ ദേശീയ ചാമ്പ്യന്‍ഷിപ്പുകള്‍ക്ക് പങ്കെടുത്ത വകയില്‍ അഞ്ച് കോടിയോളം രൂപയാണ് അസോസിയേഷനുകള്‍ക്ക് സര്‍ക്കാര്‍ നല്‍കാനുള്ളത്. ക്യാംപുകള്‍ നടത്തിയ ചെലവിനും യാത്രാ ചെലവിനും പുറമെ താരങ്ങളുടെ ദിന ബത്ത പോലും നല്‍കിയിട്ടില്ല. ഇതേ അവസ്ഥ ദേശീയ ഗെയിംസിനും വരുമോയെന്ന ആശങ്കയിലാണ് അസോസിയേഷനുകള്‍. ദേശീയ കായിക ഭൂപടത്തില്‍ ഒരു കാലത്ത് കേരളത്തിനുണ്ടായിരുന്ന ഉയര്‍ന്ന സ്ഥാനം എങ്ങനെയാണ് പതിയെ മാഞ്ഞുപോകുന്നതെന്ന ചോദ്യത്തിന്‍റെ ഉത്തരമാണ് ആവര്‍ത്തിക്കുന്ന ഈ അവഗണന.