കൊച്ചി കാക്കനാട് സ്‌കൈലൈൻ ഫ്ലാറ്റിലെ നീന്തൽ കുളത്തിൽ 17 വയസ്സുകാരൻ മരിച്ച നിലയിൽ. ഇതേ ഫ്ലാറ്റിൽ താമസിക്കുന്ന ഐടി ദമ്പതികളുടെ മകനും തൃക്കാക്കര നൈപുണ്യ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയുമായ ജോഷ്വാ ആണ് മരിച്ചത്.
ഇന്ന് രാവിലെ 7 മണിയോട് കൂടി ഫ്ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരനാണ് നീന്തൽ കുളത്തിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മുഖത്തും തലയ്ക്കും പരിക്കുപറ്റി രക്തം ഒഴുകിയ നിലയിലായിരുന്നു. മാതാപിതാക്കൾ മൃതദേഹം തിരിച്ചറിഞ്ഞു. പൊലീസിലും വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കുട്ടിയുടെ തലയ്ക്ക് പൊട്ടലുണ്ട്. ഇവർ താമസിക്കുന്ന ഫ്ളാറ്റിന് നേരെ താഴെയാണ് നീന്തൽക്കുളം. ഫ്ലാറ്റിൽ നിന്ന് കുട്ടി നീന്തൽ കുളത്തിലേക്ക് വീണതാകാം എന്നാണ് പ്രാഥമിക നിഗമനം.
ഇന്നലെ രാത്രി 11 മണിക്ക് ശേഷം ഇളയ സഹോദരനൊപ്പം ഉറങ്ങാൻ കിടന്നതായിരുന്നു. അതിനുശേഷം എപ്പോഴോ അപകടം സംഭവിച്ചിരിക്കാം എന്ന നിഗമനത്തിലാണ് പൊലീസ്. എന്നാൽ, ഈ സമയങ്ങളിൽ അസ്വാഭാവിക ശബ്ദമോ അനക്കമോ കേട്ടില്ല എന്ന് മാതാപിതാക്കൾ പൊലീസിനെ അറിയിച്ചിട്ടുണ്ട്. ഉറങ്ങിക്കിടന്ന കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഒടുവിലാണ് മൃതദേഹം കണ്ടെത്തിയത്. ഫ്ലാറ്റിനു തൊട്ട് സമീപത്തെ നൈപുണ്യ സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ് മരിച്ച 17 കാരൻ. ഐടി ജീവനക്കാരായ മാതാപിതാക്കളോടൊപ്പം വർഷങ്ങളായി ഈ ഫ്ലാറ്റിൽ താമസിച്ചുവരികയാണ്.