വയനാട് ബത്തേരി അർബൻ ബാങ്കിലെ ക്രമക്കേടുകൾ സംബന്ധിച്ച് 2020 ൽ പുസ്തകമെഴുതിയ ബാങ്ക് മുൻ ചെയർമാൻ പ്രൊഫ. കെ. പി തോമസ് ഇന്നലെ എൻ. എം വിജയന്റെ വീട്ടിലെത്തി. ബാങ്ക് തട്ടിപ്പിനെ പറ്റി അന്നേ മുന്നറിയിപ്പ് നൽകിയിരുന്ന കെ. പി തോമസ് ബത്തേരി എംഎല്‍എ ഐസി ബാലകൃഷ്ണനെതിരെ ഗുരുതര വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു.
അന്ന് താൻ പറഞ്ഞതല്ലാം ഇപ്പോൾ യാഥാർഥ്യമായെന്നായിരുന്നു തോമസിന്റെ പ്രതികരണം. നാലര വർഷം മുമ്പാണ് മുൻ ഡി.സി.സി നേതാവും ബത്തേരി അര്‍ബന്‍ ബാങ്ക് മുന്‍ ചെയര്‍മാനുമായ പ്രൊഫസര്‍ കെ.പി തോമസ് ഒരു പുസ്തകമെഴുതിയത്. എല്ലാം നല്ലതിനായി എന്നായിരുന്നു പുസ്തകത്തിന്റെ പേര്.
ഐ.സി ബാലകൃഷ്ണന്‍ ഡിസിസി പ്രസിഡന്‍റായതിനു പിന്നാലെ 2020 ൽ അവിശ്വാസ പ്രമേയത്തിലൂടെ തോമസിനെ ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് പുറത്താക്കിയിരുന്നു. ഇതിലേക്ക് നയിച്ച സാഹചര്യങ്ങളും തനിക്കെതിരെ നടന്ന രാഷ്ട്രീയ കരുനീക്കങ്ങളുമാണ് 48 പേജ് വരുന്ന പുസ്തകത്തിലൂടെ പ്രൊഫസര്‍ തോമസ് വിവരിച്ചത്. ഇന്നലെ കെ.പി തോമസ് എൻ.എം വിജയന്റെ വീട്ടിലെത്തി. ശേഷം മാധ്യമങ്ങൾക്ക് മുന്നിൽ ഇങ്ങനെ പറഞ്ഞു
അന്ന് താൻ പറഞ്ഞത് മുഖവിലക്ക് എടുത്തിരുന്നെങ്കിൽ എൻ.എം വിജയന് ഈ അവസ്ഥ വരില്ലായിരുന്നുന്നെന്നും അന്ന് താൻ പറഞ്ഞതല്ലാം ഇപ്പോൾ യാഥാർഥ്യമായെന്നും കെ.പി തോമസ് പറഞ്ഞു. സഹകരണ രംഗത്ത് കോണ്‍ഗ്രസിന്‍റെ പ്രധാന മുഖമായിരുന്നു കെ.പി തോമസ് പുസ്തകം പുറത്തിറക്കിയതിനു പിന്നാലെ രാഷ്ട്രീയ ജീവിതം മതിയാക്കി ജന്മദേശമായ അങ്കമാലിയിലേക്ക് മടങ്ങിയിരുന്നു. ബത്തേരി അര്‍ബന്‍ ബാങ്കിനെക്കുറിച്ച് അന്ന് കെ.പി തോമസ് പറഞ്ഞതെല്ലാം എൻ. എം വിജയന്റെ ആത്മഹത്യയോടെ യാഥാർഥ്യമായി.
ബാങ്ക് ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് തന്നെ നീക്കാന്‍ നടത്തിയ ശ്രമങ്ങളുടെ ഭാഗമായി ഐസി ബാലകൃഷ്ണന്‍ അയച്ച കത്തുകളും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഏറ്റവും ഒടുവിൽ അർബൻ ബാങ്കിലെ ക്രമക്കേടും എൻ.എം വിജയന്റെ ആത്മഹത്യയും കോൺഗ്രസിനു മുന്നിൽ വെല്ലുവിളിയാകുമ്പോൾ പുസ്തകവും കെ.പി തോമസും ഒരു പാഠമാകുന്നുണ്ട്..