വയനാട് അമരക്കുനിയില്‍ കടുവ വീണ്ടും ആടിനെക്കൊന്നു. ഊട്ടിക്കവല പായിക്കണ്ടത്തില്‍ ബിജുവിന്റെ ആടിനെയാണ് പുലര്‍ച്ചെ രണ്ടുമണിയോടെ കടുവ ആക്രമിച്ചത്. വീട്ടുകാര്‍ ബഹളംവച്ചപ്പോള്‍ ആടിനെ ഉപേക്ഷിച്ച് കടുവ ഓടി. സ്ഥലത്ത് വനംവകുപ്പ് പരിശോധന തുടങ്ങി. പ്രദേശത്ത് കടുവയുടെ ആക്രമണത്തില്‍ നാലാമത്തെ ആടാണ് കൊല്ലപ്പെടുന്നത്. കടുവയെ പ്രദേശത്തെ കാപ്പിത്തോട്ടത്തില്‍ കണ്ടെത്തിയെന്ന് ഡിഎഫ്ഒ അജിത് കെ. രാമന്‍ പറഞ്ഞു. ഇന്നുതന്നെ പിടികൂടാനാകുമെന്നും ഡി.എഫ്.ഒ പറഞ്ഞു. തുറസായ സ്ഥലത്തേക്ക് മാറ്റി അനുകൂലമെങ്കില്‍ മയക്കുവെടിവയ്ക്കുമെന്നും ഡിഎഫ്ഒ.
ഇന്നലെ വയനാട് തൂപ്രയിൽ ആടിനെ കൊന്ന കടുവയെ പിടികൂടാൻ വനം വകുപ്പ് ശ്രമിച്ചെങ്കിലും നടന്നില്ല. കൂടു സ്ഥാപിച്ച് ഒരു പകൽ കാത്തെങ്കിലും ഇരയെ തേടി കടുവ വന്നില്ല. രാത്രിയിലടക്കം നിരീക്ഷണം ശക്തമാക്കാനാണ് വനം വകുപ്പിൻ്റെ തീരുമാനം. അമരക്കുനിയെ ഭീതിയിലാഴ്ത്തിയ കടുവയാണ് തന്നെയാണ് തൂപ്രയിലും എത്തിയത്. ആടുകളെ വളർത്തി ഉപജീവനം കണ്ടെത്തിയിരുന്ന കേശവൻ്റെയും സരോജിനിയുടെയും നാല് ആടുകളിൽ ഒന്നിനെ കഴിഞ്ഞ ദിവസം രാത്രി കൂട്ടിൽ കയറി കടുവ കൊന്നിരുന്നു. ഇതിന് പിന്നാലെയാണ് കടുവ വീണ്ടും ആടിനെ കൊല്ലുന്നത്.
ഇതെ ആടിൻ്റെ ജഡം വച്ചാണ് തൂപ്രയിൽ വനം വകുപ്പ് കടുവയ്ക്കായി കൂട് ഒരുക്കിയിരുന്നത്. കടുവ കൂടിൻ്റെ അടുത്തേക്ക് വന്നെങ്കിലും ഉള്ളിൽ കയറുന്നതിന് മുൻപ് വാതിലടഞ്ഞു. തെർമൽ ക്യാമറയിൽ കടുവയുടെ ചിത്രവും പതിഞ്ഞതോടെ ദേവർ ഗദയും തൂപ്രയും കേന്ദ്രീകരിച്ചായിരുന്നു തിരച്ചിൽ. രാത്രിയിൽ പ്രത്യക്ഷപ്പെടുന്ന കടുവയെ വനം വകുപ്പിൻ്റെ ക്യാമറ കണ്ണുകളിൽ പകൽ കണ്ടതുമില്ല. കടുവ രണ്ട് കിലോമീറ്റർ ചുറ്റളവിൽ ഉണ്ടെന്നും അർദ്ധരാത്രികളിലാണ് കടുവയുടെ സഞ്ചാരമെന്നും വയനാട് ഡിഎഫ്ഒ അജിത് കെ രാമന്‍ തൂപ്രക്കുടിയിലെ ആക്രമണത്തില്‍ പ്രതികരിച്ചിരുന്നു. കടുവയുടെ ആരോഗ്യം മോശമായതു കൊണ്ടാവാം ആടിനെ മാത്രം പിടിക്കുന്നത് ആടുള്ളവർ അവയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാൻ അപേക്ഷിക്കുന്നു കടുവ കാടു കയറാനും സാധ്യതയുണ്ടെന്നും ഡിഎഫ്ഒ പറഞ്ഞിരുന്നു. നാട്ടുകാരും ജാഗ്രത പാലിക്കണമെന്നാണ് നിർദേശം.