നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ വിവാദ സമാധി കല്ലറ പൊളിക്കുന്നതിനുള്ള പുതിയ തിയ്യതി ഇന്നറിയാം. പൊലീസ് നല്‍കുന്ന പുതിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും സബ് കലകടര്‍ തീരുമാനമെടുക്കുക. അതേസമയം കല്ലറ പൊളിക്കാന്‍ അനുവദിക്കില്ലെന്ന് ഗോപന്‍ സ്വാമിയുടെ മകന്‍ സനന്ദനന്‍. കല്ലറ പൊളിക്കാനുള്ള തീരുമാനം മതവികാരം വ്രണപ്പെടുത്തുന്നതാണെന്നും പൊലീസ് നോട്ടിസ് നല്‍കിയിട്ടില്ല, മൊഴി എടുത്തിരുന്നുവെന്നും സനന്ദന്‍. സമാധി പോസ്റ്റര്‍ അടിച്ചത് താന്‍ തന്നെയെന്നും നിയമനടപടി ഹിന്ദു ഐക്യവേദി തീരുമാനിക്കുമെന്നും മകന്‍.
ഗോപന്‍ സ്വാമിയുടെ കുടുംബാംഗങ്ങളുടെ പ്രതിഷേധവും പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനിന്നതും കാരണം കല്ലറ പൊളിക്കുന്നത് ഇന്നലെ നിര്‍ത്തിവയ്‌ക്കേണ്ടി വന്നിരുന്നു. അസിസ്റ്റന്‍റ് കലകട്റും പൊലീസും ചര്‍ച്ച നടത്തിയെങ്കിലും കുടുംബാംഗങ്ങള്‍ അനുനയത്തിന് വഴങ്ങിയിട്ടില്ല. കല്ലറ പൊളിക്കാനുള്ള കലക്ടറുടെ ഉത്തരവിന്‍റെ പകര്‍പ്പ് കുടംബാംഗങ്ങള്‍ക്ക് കൈമാറിയിട്ടുണ്ട്. ഇതിനെതിരെ ഇവര്‍ ഇന്ന് കോടതിയെ സമീപിച്ചേക്കും. അങ്ങനെയാണെങ്കില്‍ കോടതി ഉത്തരവിന് അനുസരിച്ചായിരിക്കും തുടര്‍ നടപടി.
ശനിയാഴ്ച രാവിലെയാണ് 78 വയസ്സുകാരനായ നെയ്യാറ്റിൻകര ഗോപൻ സ്വാമി മരിച്ചത് എന്നാണ് മകൻ സനന്ദൻ പറയുന്നത്. മക്കളായ സനന്ദനും രാജസേനനും ചേർന്നാണ് വീടിനടുത്ത് സംസ്കാരം നടത്തി അവിടെ സമാധി മണ്ഡപം സ്ഥാപിച്ചത്. സ്വാമിയെ കാണാനില്ലെന്ന അയല്‍വാസിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നു. തുടര്‍ന്ന് സ്വാമിയുടെ മൃതദേഹം കല്ലറ തുറന്ന് പുറത്തെടുക്കാന്‍ പൊലീസ് കലക്ടറുടെ അനുമതി തേടുകയായിരുന്നു
പട്ടാപ്പകല്‍ തുറന്ന സ്ഥലത്ത് നടന്ന ഈ കാര്യങ്ങളൊന്നും നാട്ടുകാരോ അയല്‍വാസികളോ ആരും കണ്ടവരില്ല. അതുതന്നെയാണ് ദുരൂഹത ആരോപിക്കുന്നതിന്‍റെ കാരണം. നാട്ടുകാര്‍ ദുരൂഹത ആരോപിച്ചതോടെ സമാധി മണ്ഡപമെന്ന പേരില്‍ കെട്ടിയ കല്ലറ ശനിയാഴ്ച വൈകീട്ടോടെ പൊലീസ് സീല്‍ ചെയ്തു. ബന്ധുക്കള്‍ പരാതി നല്‍കാത്ത സാഹചര്യത്തില്‍ സ്വാമിയെ കാണാനില്ലെന്ന അയല്‍വാസിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു.