വിലക്ക് ലംഘിച്ച് സെക്രട്ടേറിയറ്റിന്റെ മതിലിനോട് ചേര്‍ന്ന് ഭരണാനുകൂല സര്‍വീസ് സംഘടന സ്ഥാപിച്ച ഫ്ളെക്സ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ വലിച്ചുകീറി നീക്കി. ഫ്ളെക്സ് നീക്കണമെന്ന കോര്‍പ്പറേഷന്‍ നിര്‍ദേശത്തിന് സെക്രട്ടേറിയറ്റ് എംപ്ളോയീസ് അസോസിയേഷന്‍ പുല്ലുവില നല്‍കിയതോടെയാണ് നടപടി.
സെക്രട്ടേറിയറ്റിന്റെ കണ്‍ടോണ്‍മെന്റ് ഗേറ്റിന് മുന്‍പില്‍ കൂറ്റന്‍ ഫ്ളെക്സ് സ്ഥാപിച്ചത് ഇന്നലെ. വിലക്ക് ലംഘിച്ചുള്ള സെക്രട്ടേറിയറ്റ് എംപ്ളോയീസ് അസോസിയേഷന്റെ നടപടി വാര്‍ത്തയായതോടെ കോര്‍പറേഷന്‍ ഇടപെട്ടു. ഫ്ളെക്സ് നീക്കാന്‍ ഭാരവാഹികളെ ഫോണില്‍ വിളിച്ച് കോര്‍പറേഷന്‍ ആവശ്യപ്പെട്ടു. ഒരുമണിക്കൂര്‍ സമയം ആവശ്യപ്പെട്ട ഭാരവാഹികള്‍ പിന്നെ മൈന്‍ഡ് ചെയ്തില്ല. മൂന്നുമണിക്കൂറിന് ശേഷം കോര്‍പറേഷന്‍ ജീവനക്കാര്‍ എത്തി. ആദ്യം മുഖ്യമന്ത്രിയുടെ കട്ടൗട്ട് പരുക്കില്ലാതെ നീക്കി വാഹനത്തിലേക്ക് മാറ്റി. പിന്നെ ഫ്ളെക്സ് വലിച്ചുകീറി മടക്കി.
പ്ളാസ്റ്റിക്ക് ഫ്രീ സോണ്‍ എന്ന ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നിടത്താണ് ഉദ്യോഗസ്ഥ സംഘടന ഫ്ളെക്സ് സ്ഥാപിച്ചത്. വഴിയരികിലും പൊതുസ്ഥലങ്ങളിലും ഫ്ളെക്സ് സ്ഥാപിക്കരുതെന്ന് ഉത്തരവിട്ട ഉദ്യോഗസ്ഥര്‍ തന്നെയാണ് ഫ്ളെക്സ് സ്ഥാപിച്ച് ‘മാതൃക’യായതെന്നതാണ് ശ്രദ്ധേയം.