ഭര്‍തൃവീട്ടിലെ പീഡനത്തിന്‍റെ പേരില്‍ ഒരു പെണ്‍കുട്ടിയുടെ കൂടി ജീവന്‍ പൊലിഞ്ഞിരിക്കുന്നു. മലപ്പുറം കൊണ്ടോട്ടി സ്വദേശി ഷഹാനയാണ് സ്വന്തം വീട്ടില്‍ ഒരു മുഴം കയറില്‍ 19 വര്‍ഷത്തെ ജീവിതം അവസാനിപ്പിച്ചത്. നിറത്തിന്‍റെയും ഇംഗ്ലിഷ് ഭാഷയുടെയും പേരില്‍ കേട്ട അവഹേളനങ്ങള്‍ അവള്‍ക്ക് താങ്ങാവുന്നതിലും അപ്പുറത്തായിരുന്നു. ഏറെ സഹിച്ചു, വേദനിച്ചു, പിന്നെ തീരുമാനിച്ചു. ഇന്ന് പഴയങ്ങാടി ജുമാഅത്ത് പള്ളിപ്പറമ്പിലെ ആറടി മണ്ണില്‍ അവള്‍ അപമാനങ്ങളില്ലാതെ സ്വസ്ഥമായി ഉറങ്ങുന്നു.
2024 മെയ് 27നായിരുന്നു ഷഹാനയും അബ്ദുള്‍ വാഹിദും വിവാഹിതരായത്. ഇരുവരും ഒരുമിച്ച് ജീവിച്ചതാകട്ടെ കേവലം 20 ദിവസവും. അതിനുള്ളില്‍ത്തന്നെ അവളേറെ സഹിച്ചു. 20 ദിവസം കഴിഞ്ഞ് വാഹിദ് പലതും കണക്കുകൂട്ടിയാണ് ഗള്‍ഫിലെ ജോലിസ്ഥലത്തേക്ക് മടങ്ങിയത്. 20 ദിവസം കൂടെക്കഴിഞ്ഞവള്‍ ഇനി തന്‍റെ ജീവിതത്തില്‍ വേണ്ടെന്ന് തീരുമാനിച്ച പോലെയായിരുന്നു തുടര്‍ന്ന് വാഹിദിന്‍റെും കുടുബത്തിന്‍റെയും പെരുമാറ്റം.
പ്ലസ്ടു കാലത്ത് കണ്ട ഫോട്ടോയില്‍ കുറച്ചുകൂടി നിറമുണ്ടായിരുന്നെന്നായിരുന്നു ഒരുമിച്ച് കഴിഞ്ഞ ദിനങ്ങളില്‍ വാഹിദ് പറഞ്ഞത്, വെയിലത്തൊന്നും ഇറങ്ങരുത്, വീണ്ടും കറുത്തുപോകും, കോളജിലും പോവാതിരിക്കുന്നതാ നല്ലത്, വെയില്‍ കൊള്ളില്ലേ...ഇങ്ങനെ ഷഹാനയെക്കുറിച്ചുള്ള വാഹിദിന്‍റെ ആശങ്കകള്‍ പലതായിരുന്നു
ഭര്‍ത്താവിന് മനസ് നിറയെ സ്നേഹം ചൊരിഞ്ഞവളാണ് ഷഹാന. അത് അവള്‍ വാഹിദിനയച്ച സന്ദേശങ്ങളില്‍ ഉണ്ടെന്ന് ബന്ധുക്കള്‍ പറയുന്നു. എന്നെ ഒന്നു വിളിക്കുമോ വാവേ... എന്ന ചോദ്യം ഒരുനൂറ് തവണ ആവര്‍ത്തിച്ചാവര്‍ത്തിച്ച് അവള്‍ ചോദിച്ചിരുന്നു, വാവ എന്നാണ് ഷഹാന വാഹിദിനെ സ്നേഹത്തോടെ വിളിച്ചിരുന്നത്. വാവയോട് എന്നെ ഒഴിവാക്കരുതെന്ന് പറയണേ ഉമ്മാ എന്നു പറഞ്ഞ് ഷഹാന അമ്മായിയമ്മയുടെ കാലുപിടിച്ച് കരഞ്ഞിരുന്നു. എത്രതവണ സന്ദേശം അയച്ചാലും വാഹിദിന് മറുപടിയില്ല, എപ്പഴെങ്കിലും വിളിച്ചാല്‍ തന്നെ അങ്ങേയറ്റം ടോക്സിക് ആയാണ് സംസാരിക്കുകയെന്നും ബന്ധുക്കള്‍ പറയുന്നു.
ഡിഗ്രി വിദ്യാര്‍ഥിനിയായിരുന്നു ഷഹാന. നന്നായി പഠിക്കുന്ന കുട്ടിയായിരുന്നു . കല്യാണശേഷം ഏതുനേരവും ചിന്തയും സങ്കടവും മാത്രമായി മാറിയെന്ന് സുഹൃത്തുക്കളും അധ്യാപകരും പറയുന്നു. ഷഹാന പഠനകാര്യത്തില്‍ പിറകിലേക്ക് പോയതോടെ സുഹൃത്തുക്കള്‍ ബന്ധുക്കളോട് ഈ വിഷയം സംസാരിച്ചിരുന്നു. ആദ്യമൊന്നും കുടുംബത്തോടും ഒന്നും തുറന്നുപറയാന്‍ ഷഹാന തയ്യാറായിരുന്നില്ലെന്നും ബന്ധുക്കള്‍ വ്യക്തമാക്കുന്നു.