മലപ്പുറം കുറ്റിപ്പുറത്ത് ഭാരതപ്പുഴയിൽ നിന്ന് വൻതോതിൽ മണൽ ഖനനം നടത്താനുള്ള നീക്കത്തിനെതിരെ പ്രതിഷേധമുയർത്തി സി.പി.ഐ മുഖപത്രവും. ഡ്രജറുകളും യന്ത്രസാമഗ്രികളും ഉപയോഗിച്ചുള്ള ഖനനം ഭാരതപ്പുഴക്ക് പാരിസ്ഥിതികമായി ദോഷമുണ്ടാക്കുമെന്ന് ജനയുഗത്തിന്റെ എഡിറ്റോറിയൽ വ്യക്തമാക്കുന്നു. കുറ്റിപ്പുറത്തെ മണൽ ഖനനവുമായി ബന്ധപ്പെട്ട വിവാദങ്ങൾ അന്വേഷിക്കുമെന്ന് മന്ത്രി കെ.രാജൻ പറഞ്ഞു. കാങ്കക്കടവ് റഗുലേറ്റർ കം ബ്രിഡ്ദജിന്റെ മറവിൽ 250 കോടിയുടെ മണൽഖനനം നടത്താനുള്ള നീക്കം മനോരമ ന്യൂസാണ് പുറത്തുകൊണ്ടു വന്നത്.
പാരിസ്ഥിതിഘാത പഠനം നടത്താതെ മണലൂറ്റിന് തിടുക്കം കൂട്ടുന്നത് ദുരൂഹമാണന്നാണ് സിപിഐ മുഖപത്രത്തിന്റെ എഡിറ്റോറിയൽ വ്യക്തമാക്കുന്നത്. പുഴകളുടെ ഭരണ ചുമതല നിർവഹിക്കേണ്ട റവന്യൂ വകുപ്പിനെയും തദ്ദേശ വകുപ്പിനെയും അറിയിക്കാതെ 3 മീറ്റർ ആഴത്തിലും 2 ചതുരശ്ര കിലോമീറ്റർ പരിധിയിലും മണലെടുക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്ന സി.പി.ഐ നിലപാടാണ് പ്രഖ്യാപിക്കപ്പെട്ടത്.
റവന്യൂ വകുപ്പ് പോലും അറിയാതെ കേരള കോൺഗ്രസിന്റെ നിയന്ത്രണത്തിലുള്ള കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ച്ചർ ഡവലപ്മെന്റെ കോർപറേഷൻ ലിമിറ്റഡ് ടെണ്ടർ വിളിച്ചതിലും സംശയം ഉയരുന്നുണ്ട്. മണൽ ഖനനത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നാണ് മന്ത്രി കെ. രാജൻ പ്രഖ്യാപിച്ചത്.
കേരളത്തിലെ നദികളിൽ നിന്നുള്ള മണൽഖനനം ദേശീയ ഗ്രീൻ ട്രിബ്യൂണൽ ഒന്നിലേറെ തവണ തടഞ്ഞതും ജനയുഗം ചൂണ്ടിക്കാട്ടുന്നുണ്ട്. ആരെയും അറിയിക്കാതെയുള്ള അതിവേഗത്തിലുള്ള ഖനനനീക്കം ദുരൂഹമാണെന്നും എഡിറ്റോറിയൽ വ്യക്തമാക്കുന്നു. സ്വകാര്യ കമ്പനിയുടെ ലാഭത്തിനു വേണ്ടി മാത്രം ഭാരതപ്പുഴയിൽ മൂന്നു മീറ്റർ ആഴത്തിൽ മണൽ കുഴിച്ചെടുക്കുന്നത് അംഗീകരിക്കാനാവില്ലെന്ന സി.പി.ഐ മുഖപത്രത്തിന്റെ നിലപാട് സർക്കാരിനെ വെട്ടിലാക്കുകയാണ്.