ലൈസന്‍സിനുള്ള ആദ്യ കടമ്പയാണ് ലേണേഴ്സ് പരീക്ഷ. എഴുതുന്ന എല്ലാവരും തന്നെ വിജയിക്കുന്ന അപൂര്‍വ പരീക്ഷകളിലൊന്ന്. എന്നാല്‍ ഇനി അങ്ങിനെ ഈസിയായി ഈ കടമ്പ മറികടക്കാമെന്ന് കരുതേണ്ട. ചോദ്യം മുതല്‍ നടത്തിപ്പ് വരെയുള്ള പരീക്ഷാരീതികള്‍ പൊളിച്ചെഴുതുകയാണ്.
20 ചോദ്യം 10 മിനിറ്റിനുള്ളില്‍ 12 ശരിയുത്തരം, ഇതാണ് ഇപ്പോഴത്തെ പരീക്ഷ. 12 ശരിയുത്തരം കഴിഞ്ഞാല്‍ പിന്നീടുള്ള ചോദ്യങ്ങള്‍ വായിച്ചുപോലും നോക്കണ്ട. കംപ്യൂട്ടര്‍ ഉടനടി നമ്മളെ വിജയിയായി പ്രഖ്യാപിക്കും. എന്നാല്‍ ഇനി അത് നടക്കില്ല. 20 ചോദ്യത്തിനും ഉത്തരം എഴുതണം. ഒരു ചോദ്യത്തിന് അഞ്ച് ഓപ്ഷന്‍ ഉണ്ടാവും. ശരിയുത്തരമെങ്കില്‍ ഒരു മാര്‍ക്ക്. ഉത്തരം തെറ്റിയാല്‍ കാല്‍ മാര്‍ക്ക് നഷ്ടമാകും. അങ്ങിനെ ഇരുപത് ചോദ്യത്തിനും ഉത്തരം എഴുതി കഴിയുമ്പോള്‍ മൈനസ് മാര്‍ക്ക് കഴിഞ്ഞ് കുറഞ്ഞത് 12 മാര്‍ക്കുണ്ടെങ്കില്‍ വിജയിക്കാം.
ഈ അടയാളം കൊണ്ട് ഉദേശിക്കുന്നത് എന്ത്, വാഹനം ഓടിക്കേണ്ടത് റോഡിന്‍റെ ഏത് സൈഡിലൂടെ. ഇങ്ങിനെ സംപിള്‍ ചോദ്യങ്ങളാണ് പ്രായഭേദമന്യേ എല്ലാവരോടുമുള്ളത്. ഇനി ആ ചോദ്യങ്ങള്‍ പ്രതീക്ഷിച്ച് പരീക്ഷക്ക് പോകേണ്ട. റോഡ് നിയമങ്ങളില്‍ നിന്ന് പുതിയ അഞ്ഞൂറിലധികം ചോദ്യങ്ങള്‍ തയാറാക്കി പ്രസിദ്ധീകരിക്കും. അവ പഠിച്ചിട്ട് പോയാലേ ലേണേഴ്സ് ലൈസന്‍സ് കിട്ടു.
അപകടങ്ങളുടെ കാരണങ്ങളിലൊന്ന് ഡ്രൈവര്‍മാരുടെ റോഡ് നിയമങ്ങളിലെ അറിവില്ലായ്മയുമെന്ന വിലയിരുത്തലില്‍ ഗതാഗത കമ്മീഷണര്‍ സി.എച്ച്.നാഗരാജുവിന്‍റേതാണ് പുതിയ തീരുമാനം. മാര്‍ച്ച് 1 മുതല്‍ നടപ്പാക്കും.