സ്വന്തം ഇഷ്ടപ്രകാരം വിവാദപരിപാടിക്ക് അനുമതി നൽകിയിട്ടും ഒരു പോറൽ പോലുമില്ല ജി.സി.ഡി.എ ചെയർമാന്. കലൂർ സ്റ്റേഡിയത്തിൽ ഇത്തരമൊരു നൃത്ത പരിപാടി നടത്തിയാൽ സ്റ്റേഡിയത്തിന് കേടുപാടു വരുമെന്നും, അതിനാൽ അനുമതി നൽകരുതെന്നും പറഞ്ഞ മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ ജി.സി.ഡി.എ. ചെയർമാൻ്റെ നേതൃത്വത്തിൽ നടപടി എടുക്കാനും തീരുമാനിച്ചു. ചെയർമാൻ്റെ സ്വയരക്ഷയ്ക്കായി അസിസ്റ്റൻ്റ് എൻജിനിയറെ കരുവാക്കിയെന്നും ആരോപണമുണ്ട്.
പരസ്യമായി പ്രകടിപ്പിച്ചില്ലെങ്കിലും ജി.സി.ഡി.എ യിലെ ഭൂരിഭാഗം അംഗങ്ങൾക്കും, ജീവനക്കാർക്കും ചെയർമാനോട് വിയോജിപ്പാണ്. വിവാദനൃത്ത പരിപാടിയിലെ വീഴ്ച മുൻ നിർത്തി സി.പി.എം. സംസ്ഥാന കമ്മറ്റി അംഗമായ ചെയർമാനും, ജി.സി.ഡി.എക്കും എതിരെ സമരം നടത്തിയത് ജില്ലയിലെ പ്രമുഖ നേതാക്കളുടെ നേതൃത്വത്തിലായിരുന്നു. വിമർശനങ്ങളെ റെ ഉയരുമ്പോഴും, ചെയർമാനും, സി.പി.എം നേതൃത്വവും മൗനം തുടരുകയാണ്. സാമ്പത്തിക നേട്ടം ഉൾപ്പെടെ ലക്ഷ്യമിട്ടാണ് GCDA നേതൃത്വം പരിപാടിക്ക് അനുമതി നൽകിയതെന്നാണ് വിമർശനം. നൃത്ത പരിപാടിയെ ചൊല്ലി വിവിദങ്ങൾ വിട്ടൊഴിയാതെ വന്നതോടെ ഇക്കാര്യം മുൻനിർത്തി പാർട്ടി സംസ്ഥാന നേതൃത്വത്തിന് പരാതി നൽകാനൊരുങ്ങുകയാണ് ജില്ലയിലെ ഒരു വിഭാഗം സി.പി.എം നേതാക്കൾ.
അതേസമയം സുരക്ഷ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി നടത്തിയ പരിപാടിക്കിടെയുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഉമ തോമസ് എം.എൽ.എ ആശുപത്രിയിൽ ചികിൽസയിൽ തുടരുകയാണ്. അപകടത്തിന് ശേഷം, തട്ടിപ്പ് നൃത്തപരിപാടിയ്ക്ക് നേതൃത്വം നൽകിയ ദിവ്യ ഉണ്ണി ഒരുവാക്ക് പറയാതെ അമേരിക്കയിലെയ്ക്ക് കടന്നതിനെതിരെയും വിമർശനം കനക്കുകയാണ്.