ഉമ തോമസ് എം.എൽ എയ്ക്ക് ഗുരുതരമായി പരുക്കേറ്റ വിവാദ നൃത്തപരിപാടിക്ക് ശേഷം, കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ ഐ.എസ് എൽ മത്സരത്തിന് കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുന്നു. വിങ്ങർ കെ.പി.രാഹുൽ ഒഡീഷ എഫ് സിയിലേയ്ക്ക് കളംമാറിയ ശേഷം ബ്ലാസ്റ്റേഴ്സിന്‍റെ ആദ്യ ഹോം മത്സരമെന്ന സവിശേഷതയുണ്ട് ഇന്നത്തെ മത്സരത്തിന്. കരാർ വ്യവസ്ഥകൾ നിലനിൽക്കുന്നതിനാൽ കെ.പി.രാഹുൽ കൊച്ചിയിൽ ഇന്ന് ഒഡീഷയ്ക്ക് വേണ്ടി ഇറങ്ങില്ല.
ദിവ്യാ ഉണ്ണി നയിച്ച തട്ടിപ്പു നൃത്ത പരിപാടി കലൂർ സ്റ്റേഡിയത്തിലെ ടർഫിന് കേടുപാടുണ്ടാക്കിയെന്ന് ബ്ലാസ്റ്റേഴ്സിന്‍റെ പരിശോധനയിൽ വ്യക്തമായിരുന്നു. ആ തകരാർ ബ്ലാസ്റ്റേഴ്സ് തന്നെ പരിഹരിച്ച മൈതാനത്താണ് ഒഡീഷ എഫ്. സിക്കെതിരെ ഇന്ന് നിർണായക മത്സരത്തിനിറങ്ങുന്നത്. പോയിൻ്റു പട്ടികയിൽ ഏഴാം സ്ഥാനത്ത് ഒഡീഷ . ഒൻപതാമത് ബ്ലാസ്റ്റേഴ്സും. ഇരുകൂട്ടരും പ്ലേ ഓഫ് ഉറപ്പിച്ചിട്ടില്ല എന്നിരിക്കെ രണ്ടു ടീമിനും മത്സരം ഒരുപോലെ പ്രാധാന്യമുള്ളത്.
മാനേജ്മെൻ്റ് നടപടികളിൽ അതൃപ്തരായ മഞ്ഞപ്പടയുടെ സ്റ്റേഡിയത്തിലെ പ്രതിഷേധവും മറികടന്ന് വേണം ബ്ലാസ്റ്റേഴ്സിന് കലൂരിൽ ജയം നേടാൻ. മികായേൽ സ്റ്റാറെ പോയ ഒഴിവിൽ പുരുഷോത്തമൻ എന്ന മലയാളി പരിശീലകന് കീഴിൽ നിരാശപ്പെടുത്താത്ത പ്രകടനമാണ് മഞ്ഞ കുപ്പായക്കാർ നടത്തുന്നത്. പരിക്കുമാറിയെത്തുന്ന ബിപിൻ മോഹനൻ ഇന്ന് ഹോം ടീമിൻ്റെ മധ്യനിരയിലുണ്ടാകും. ആത്മവിശ്വാസം വിടാതെയാണ് മഞ്ഞക്കുപ്പായക്കാരിറങ്ങുന്നത്.
നോവ സദോയിയെ മുൻനിർത്തിയുള്ള ബ്ലാസ്റ്റേഴ്സ് ആക്രമണ തന്ത്രങ്ങളുടെ സൂത്രധാരൻ വെറ്ററൻ അഡ്രിയാൻ ലൂണ തന്നെയാണ്. പുരുഷോത്തമന് കീഴിൽ ബ്ലാസ്റ്റേഴ്സിന്‍റെ പ്രധാന പ്രശ്നങ്ങളിലൊന്നായ പ്രതിരോധം കനപ്പെട്ടു എന്നാണ് വിലയിരുത്തൽ. ഒരു ടീമുകൾക്കും മുന്നോട്ടുള്ള പോക്കിൽ ജയം അനിവാര്യമെന്നിരക്കെ രാത്രി 7.30 ന് തുടങ്ങുന്ന മത്സരത്തിന് വീറേറും.