സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി താളം തെറ്റുന്നു. 152 കോടി കുടിശ്ശിക തുക നല്‍കിയില്ലെങ്കില്‍ വെള്ളിയാഴ്ച മുതല്‍ പദ്ധതിയോട് സഹകരിക്കില്ലെന്ന് ഒരു വിഭാഗം അധ്യാപകര്‍ സര്‍ക്കാരിനെയും കോടതിയെയും അറിയിച്ചു. ഇനികടം വാങ്ങി ഉച്ചഭക്ഷണം നല്‍കാനാവില്ലെന്നും കോടതി ഇടപെടണമെന്നും കാണിച്ച് പ്രതിപക്ഷ അധ്യാപക സംഘടനകള്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.
27 ലക്ഷത്തോളം കുട്ടികളാണ് സ്കൂളുകളില്‍ നിന്ന് ഉച്ചയൂണ് കഴിക്കുന്നത്. ഇവര്‍ക്ക് ഇപ്പോള്‍ ഭക്ഷണം നല്‍കുന്നത് അധ്യാപകര്‍ കടം വാങ്ങിയും പിരിച്ചും കണ്ടെത്തുന്ന പണം ഉപയോഗിച്ചാണ്. മൂന്നുമാസമായി സര്‍ക്കാര്‍ പണം നല്‍കിയിട്ട്. കുടിശ്സിക തുക 152 കോടി.
സര്‍ക്കാരിനോട് പറഞ്ഞു മടുത്തപ്പോഴാണ് പ്രതിപക്ഷ അധ്യാപക സംഘടനകള്‍ ഹൈക്കോടതിയെ സമപിച്ചത്. ഇനി കടം വാങ്ങി സ്കൂളില്‍ ഭക്ഷണം ഒരുക്കാനാവില്ലെന്ന് അധ്യാപകര്‍കോടതിയെ അറിയിച്ചു. സര്‍ക്കാര്‍ പണം നല്‍കിയില്ലെങ്കില്‍ പദ്ധതിയുടെ ചുമതലയില്‍ നിന്ന് ഒഴിവാക്കണമെന്ന് പ്രഥമ അധ്യാപകരും കോടതിയോട് പറഞ്ഞു.
കേന്ദ്ര വിഹിതം കൃത്യമായികിട്ടുന്നില്ലെന്ന് സംസ്ഥാന സര്‍ക്കാരും സംസ്ഥാനം നല്‍കേണ്ട 40 ശതമാനം എവിടെയെന്ന് കേന്ദ്രവും ചോദിക്കാന്‍തുടങ്ങിയിട്ട് കാലം ഏറെയായി. ഇനികോടതി ശക്തമായി ഇടപെട്ടാലെ സ്കൂള്‍ കുട്ടികള്‍ക്ക് മുടക്കമില്ലാതെ ഉച്ചയൂണ് കിട്ടൂ എന്ന അവസ്ഥയിലാണ്.