സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നല്‍കുന്ന ഉച്ചഭക്ഷണം പോഷക സമൃദ്ധമാക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍. എന്നും ഒരേ ഖിച്ഡിയും ചോറും പരിപ്പും വിളമ്പുന്നതിന് പകരം പോഷക സമൃദ്ധമായ 15 ഇനം വിഭവങ്ങളാകും ഇനി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുക. ചോറിനൊപ്പം മുളപ്പിച്ച ധാന്യങ്ങളും, പരിപ്പ്, പയര്‍ വര്‍ഗങ്ങളും പച്ചക്കറികളും ഒരിത്തിരി മധുരവും നല്‍കാനാണ് പദ്ധതി.
പുതുക്കിയ മെനു ഈ വിദ്യാഭ്യാസ വര്‍ഷം മുതല്‍ സ്കൂളുകളില്‍ നടപ്പിലാക്കും. പയറും സോയബീനും പരിപ്പും പച്ചക്കറികളും ചേര്‍ത്ത പുലാവ്, ഖിച്ഡി, അരിപ്പായസം, മില്ലറ്റ് പുഡ്ഡിങ്, മധുര ഖിച്ഡി എന്നിവയില്‍ ഏതെങ്കിലുമൊന്നുമാകും തയ്യാറാക്കുക. മാംസാഹാരം കഴിക്കുന്ന കുട്ടികള്‍ക്കായി മുട്ട ചേര്‍ത്ത് തയ്യാറാക്കിയ പുലാവും പായസം പോലുള്ള എെന്തങ്കിലും മധുരവും നല്‍കും.
പ്രധാനമന്ത്രി പോഷണ്‍ പദ്ധതിയുടെ അടിസ്ഥാനത്തില്‍ സ്കൂളുകളിലെ ഉച്ചഭക്ഷണം ക്രമീകരിക്കുന്ന ആദ്യ സംസ്ഥാനമായി ഇതോടെ മഹാരാഷ്ട്ര മാറും. സ്കൂളിലെ ഉച്ചഭക്ഷണം ബോറടിക്കുന്നുവെന്ന് പരാതിയുള്ള കുട്ടികള്‍ക്ക് അല്‍പം പോഷകസമൃദ്ധമായി തന്നെയാകും ആഹാരം നല്‍കുക. ഇതിനായുള്ള പണം കേന്ദ്രത്തില്‍ നിന്ന് നേരിട്ട് അനുവദിക്കും.
രണ്ടാഴ്ചയില്‍ ഒരു ഭക്ഷണം ആവര്‍ത്തിച്ച് നല്‍കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നാണ് സ്കൂളുകള്‍ക്ക് വിദ്യാഭ്യാസ വകുപ്പ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. മെനു എങ്ങനെയാകണമെന്നത് സംബന്ധിച്ച് പ്രാദേശിക ഭരണകൂടത്തിന് തീരുമാനമെടുക്കാം. മുംബൈയില്‍ ബി.എം.സി വിദ്യാഭ്യാസ വകുപ്പാകും തീരുമാനം കൈക്കൊള്ളുകയെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
പന്ത്രണ്ട് ഓപ്ഷനുകളാണ് ഭക്ഷണത്തിനായി നല്‍കിയിരിക്കുന്നത്. പയര്‍ പുലവ്,വെജിറ്റബിള്‍ പുലാവ്, ചനാ പുലാവ്, സോയബീന്‍ പുലാവ്, പരിപ്പ് പുലാവ്, മുട്ട ചേര്‍ത്ത പുലാവ്, മസാല പുലാവ്, പയര്‍ ഖിച്ഡി, ഉഴുന്നുപരിപ്പ് ഖിച്ഡി, എന്നിങ്ങനെയാണ് മെനു. മധുരമായി ആഴ്ചയില്‍ നാല് ദിവസം അരിപ്പായസവും ഒരു ദിവസം മില്ലറ്റ് പായസവും വിളമ്പാമെന്നും സര്‍ക്കുലറില്‍ പറയുന്നു. മുളപ്പിച്ച ധാന്യങ്ങള്‍ ആഴ്ചയില്‍ അഞ്ച് ദിവസവും നല്‍കണം. ആറാം ദിവസം മുട്ടയോ നേന്ത്രപ്പഴമോ കുട്ടികള്‍ക്കിഷ്ടമുള്ളത് അനുസരിച്ച് നല്‍കാം. ഈ ദിവസത്തെ ഉച്ചഭക്ഷണത്തില്‍ മുളപ്പിച്ച ധാന്യങ്ങളോ, മധുരമോ വിതരമം ചെയ്യേണ്ടതില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഓരോ വിഭാവത്തിന‍്റെയും കൃത്യമായ പാചകരീതി സഹിതമാണ് സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്. ഒരു കുട്ടിക്ക് ആവശ്യമായ പോഷകങ്ങള്‍ കൃത്യമായും ഉള്‍ക്കൊള്ളുന്ന രീതിയിലാവണം സാലഡുകള്‍ ഉള്‍പ്പടെ തയ്യാറേക്കണ്ടതെന്നും നിര്‍ദ്ദേശമുണ്ട്.
കുട്ടികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി കഴിഞ്ഞ വര്‍ഷമാണ് മഹാരാഷ്ട്രയിലെ വിദ്യാഭ്യാസ വകുപ്പ് ഉച്ചഭക്ഷണം പരിഷ്കരിക്കാന്‍ സമിതിയെ നിയോഗിച്ചത്. പ്രമുഖ പാചക വിദഗ്ധരുടെയും ഡയറ്റീഷ്യന്‍മാരുടെയും ഉള്‍പ്പടെ സഹകരണത്തോടെയാണ് പുതിയ മെനു തയ്യാറാക്കിയതെന്നും അധികൃതര്‍ വ്യക്തമാക്കി.