നടി ഹണി റോസിന്‍റെ പരാതിയിലെടുത്ത ലൈംഗികാതിക്രമ കേസിൽ ജാമ്യം ലഭിച്ച ബോബി ചെമ്മണ്ണൂർ ജയിലിൽ നിന്ന് പുറത്തിറങ്ങി. മജിസ്ട്രേറ്റ് കോടതിയിൽ നിന്നുള്ള റിലീസ് ഓര്‍ഡര്‍ ജയിലിലെത്തിച്ചതിന് പിന്നാലെയാണ് ബോബി ഇറങ്ങിയത്. അതേസമയം ജാമ്യം ലഭിച്ചിട്ടും ഇന്നലെ ബോബി പുറത്തിറങ്ങാൻ വിസമ്മതിച്ചതിന് ബോബിയുടെ അഭിഭാഷകനെ ഹൈക്കോടതി വിളിപ്പിച്ചു. രൂക്ഷ വിമര്‍ശനമാണ് ഹൈക്കോടതി ബോബി ചെമ്മണ്ണൂരിനെതിരെ ഉയര്‍ത്തിയത്. നാടകം കളിക്കരുതെന്നും വേണ്ടി വന്നാല്‍ സെക്കന്‍റുകള്‍ക്കുള്ളില്‍ അറസ്റ്റ് ചെയ്യുമെന്നും കോടതി പറഞ്ഞു. ജാമ്യ ഉത്തരവ് ഇന്നലെ വൈകിട്ട് 4.08 ന് അപ്ലോഡ് ചെയ്തുവെന്നും ഇങ്ങനെയാണോ പ്രതി പെരുമാറേണ്ടതെന്നും കോടതി ചോദിച്ചു. ബോബി ചെമ്മണ്ണൂര്‍ നിയമത്തിന് അതീതനല്ലെന്നും കോടതി വ്യക്തമാക്കി. അതേസമയം മറ്റുതടവുകാരെ സഹായിക്കാനാണ് താന്‍ ഇന്നലെ ജയിലില്‍ നിന്ന് ഇറങ്ങാതിരുന്നതെന്ന് ബോബി പറഞ്ഞു.