TOPICS COVERED

കാടിറങ്ങുന്നവരെ തുരത്താന്‍ കാടും നാടും ഒരുപോലെ പരിചയമുള്ള കൊമ്പനെ ഇറക്കി വനംവകുപ്പ്. പാലക്കാട് ധോണിയിലെ ജനവാസമേഖലയില്‍ നിരന്തരം നാശം വിതയ്ക്കുന്ന ആനക്കൂട്ടം കാടിറങ്ങാതിരിക്കാന്‍ പി.ടി.സെവനെ നിയോഗിച്ച് അതിര്‍ത്തിയില്‍ നിരീക്ഷണം തുടങ്ങി. ഔദ്യോഗികമായി കുങ്കിയായില്ലെങ്കിലും മദപ്പാടിലുള്ള അഗസ്ത്യനെ പുറത്തിറക്കും വരെ കുങ്കിപ്പണി പി.ടി സെവന്‍റെ ഉത്തരവാദിത്തമാണ്.

പത്ത് ദിവസത്തിനിടെ ധോണിയിൽ എഴ് തവണ കാട്ടാനയിറങ്ങി. കൊമ്പനും, കുട്ടിയും ഉൾപ്പെടെയുള്ള ആനക്കൂട്ടം. വ്യത്യസ്ത ഘട്ടങ്ങളിലായി തരിപ്പണമാക്കിയത് ഇരുപത് ഹെക്ടറിലേറെ നെൽകൃഷി. ലക്ഷങ്ങളുടെ നഷ്ടമെന്ന് മാത്രമല്ല ജീവഹാനിയെന്ന ആശങ്കയും കർഷകർക്ക്. മുൻകാലങ്ങളിൽ കുങ്കികളെ ഇറക്കിയുള്ള പ്രതിരോധം ഫലപ്രദമായിരുന്നുവെന്നും വൈകരുതെന്നും കർഷകർ. 

വിഷയത്തിന്‍റെ ഗൗരവം കണക്കിലെടുത്താണ് കുങ്കിയെന്ന പ്രഖ്യാപനമുണ്ടായില്ലെങ്കിലും താപ്പാനയുടെ തഴക്കം വന്ന പിടി സെവനെ കാട്ട് കൊമ്പൻമാ‌രിറങ്ങുന്ന വനാതിർത്തിയിൽ തെരച്ചിലിന് നിയോഗിച്ചത്. പുറത്തിറക്കാൻ അനുമതിയില്ലാത്തതിനാൽ ധോണി ക്യാംപിന്‍റെ അതിര്‍ത്തി പങ്കിടുന്ന വനമേഖലയിലൂടെയാണ് പി.ടി സെവൻ്റെ നിരീക്ഷണം.

ആനക്കൂട്ടത്തിന്‍റെ വരവിന് തടയിടാന്‍ തലയെടുപ്പുള്ള പി ടി സെവന് കഴിയുമെന്ന് വനംവകുപ്പ്.ജനവാസ മേഖലയിലിറങ്ങുന്ന ആനക്കൂട്ടം ധോണി ക്യാംപിനുള്ളിലൂടെ മടങ്ങാന്‍ ശ്രമിക്കുന്നതും കൊമ്പന്‍ പ്രതിരോധിക്കും.

ENGLISH SUMMARY:

To prevent the herd of elephants from forest in to village, forest department started patrolling by using PT Seven