നെയ്യാറ്റിന്‍കരയിലെ ഗോപന്‍ സ്വാമിയുടെ മൃതശരീരത്തിന്‍റെ പ്രാഥമിക പരിശോധനയില്‍ അസ്വാഭാവികതകള്‍ കണ്ടെത്തിയില്ലെന്ന് ഡോക്ടര്‍മാര്‍. മരണകാരണമാകാവുന്ന മുറിവുകള്‍ ശരീരത്തില്‍ ഇല്ല. അതേസമയം, വിഷം ഉള്ളില്‍ ചെന്നോയെന്ന് അറിയാന്‍ ആന്തരികവയവങ്ങളുടെ രാസപരിശോധനാഫലം വരണം. ശ്വാസതടസമുണ്ടായിട്ടുണ്ടോയെന്ന് അറിയാനുള്ള വിശദ പരിശോധന നടത്തുമെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ലാബ് ഫലം വന്ന ശേഷം മരണകാരണം തീരുമാനിക്കാമെന്നും പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ കൂട്ടിച്ചേര്‍ത്തു.
അതിനിടെ തന്‍റെ അച്ഛന്‍റേത് മഹാസമാധിയെന്ന് അവകാശപ്പെട്ട് ഗോപന്‍ സ്വാമിയുടെ മകന്‍ രംഗത്ത്. പൊലീസാണ് തിടുക്കം കാട്ടിയതെന്നും നിയമനടപടി സ്വീകരിക്കുമെന്നും കുടുംബത്തിന്‍റെ അഭിഭാഷകനും പറഞ്ഞു. പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കിയതിന് പിന്നാലെ മൃതദേഹം ഇന്ന് നെയ്യാറ്റിന്‍കരയിലേക്ക് കൊണ്ടുപോകും. സ്വകാര്യാശുപത്രിയിലാകും മൃതദേഹം സൂക്ഷിക്കുക. നാളെ സംസ്കരിക്കും.
ഗോപന്‍സ്വാമിയുടെ മരണത്തില്‍ അസ്വാഭാവികത ഇല്ലെന്ന് പൊലീസ് വ്യക്തമാക്കി. ആന്തരികഅവയവങ്ങളുടെ സാംപിളുകള്‍ രാസപരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇന്ന് രാവിലെയാണ് വിവാദ സമാധിക്കല്ലറ പൊളിച്ച് മൃതദേഹം പുറത്തെടുത്തത്. ഇരുന്നനിലയിൽ കാണപ്പെട്ട മൃതദേഹത്തില്‍ കഴുത്തുവരെ പൂജാ ദ്രവ്യങ്ങൾ മൂടിയിരുന്നു. പുലര്‍ച്ചെ മുതൽ പഴുതടച്ച സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കിയശേഷം രാവിലെ ഏഴേകാലിനാണ് കല്ലറ പൊളിച്ചു തുടങ്ങിയത്. ഒന്നരമണിക്കൂറില്‍ ഇൻക്വസ്റ്റ് പൂർത്തിയാക്കി പോസ്റ്റുമോര്‍ട്ടത്തിന് എത്തിക്കുകയായിരുന്നു.