children-crime

 ഇന്നലെ രാത്രിവരെ കൊഞ്ചിച്ചും ഓമനിച്ചും ചേര്‍ത്തുപിടിച്ചും ഒപ്പമുണ്ടായിരുന്ന അമ്മ കുഞ്ഞുനാളിലേ നഷ്ടപ്പെട്ടെന്ന് മനസിലാകുന്ന പ്രായം എത്തുന്നേയുള്ളൂ ആ കുഞ്ഞുമക്കള്‍ക്ക്. അയല്‍ക്കാരന്റെ വാശിയിലും ക്രൂരതയിലും സംഭവിച്ച നഷ്ടത്തിന്റെ ആഴം മൂത്ത കുഞ്ഞിന് അല്‍പമെങ്കിലും ബോധ്യപ്പെട്ടുകാണും, പക്ഷേ ബന്ധുവിന്റെ ഒക്കത്തിരുന്ന ഇളയ കു‍ഞ്ഞിന് ഒന്നുമൊന്നും വ്യക്തമായിട്ടില്ല. അമ്മയും മുത്തശ്ശനും മുത്തശ്ശിയും വെളുത്ത തുണി പുതച്ച് കിടക്കുന്നുണ്ട്, കുഞ്ഞേച്ചി വാവിട്ടു കരയുന്നുണ്ട്, എന്തോ സംഭവിച്ചെന്ന ബോധ്യത്തില്‍ അവളും ചേച്ചിക്കൊപ്പം ഇടക്കിടെ കരയുന്നു,ആശങ്കപ്പെടുന്നു, ചുറ്റും നോക്കുന്നു...

child-unaware

കണ്ടു നിന്നവര്‍ക്ക് കണ്ഠമിടറിയിട്ട് ഒരു വാക്ക് പറഞ്ഞുപോലും ആ മക്കളെ ആശ്വസിപ്പിക്കാനാവുന്നില്ല, സര്‍വം മൂകം, നിലവിളിയൊച്ചകള്‍ മാത്രം ഇടക്കിടെ കേള്‍ക്കാം, കാലങ്ങളായി പൊതുശല്യമായിരുന്ന അയല്‍ക്കാരന്റെ ദേഷ്യത്തിനും വാശിയ്ക്കും ഇരയായത് ഒരു കുടുംബം ഒന്നാകെയാണ്. അച്ഛനും അമ്മയും മകളും കൊല്ലപ്പെട്ടു, കുഞ്ഞുമക്കളെ എന്തുകൊണ്ടോ അവന്‍ വെറുതേവിട്ടു...മക്കളുടെ അച്ഛന്‍ അതിഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്.

ഇന്നലെ രാത്രിയാണ് വടക്കൻ പറവൂരിനടുത്ത് ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അതിക്രൂരമായി അയല്‍വാസി അടിച്ചു കൊലപ്പെടുത്തിയത്. പ്രതി റിതു ജയന് മാനസിക പ്രശ്നമില്ലെന്ന് പൊലിസ് സ്ഥിരീകരിക്കുന്നു. പ്രതിയുടെ വൈദ്യ പരിശോധന പൂർത്തിയാക്കിക്കഴിഞ്ഞു. ഇന്നുതന്നെ കോടതിയിൽ ഹാജരാക്കും. കൊല്ലപ്പെട്ട പേരേപ്പാടം കാട്ടിപ്പറമ്പിൽ വേണു, ഭാര്യ ഉഷ, മകൾ വിനിഷ എന്നിവരുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധു വീട്ടിൽ പൊതുദർശനത്തിന് എത്തിച്ച ശേഷം സംസ്കരിച്ചു. ഓച്ചന്തുരത്ത് ശ്മശാനത്തിൽ ആണ് സംസ്കാരച്ചടങ്ങുകള്‍ നടന്നത്.

 

നിരവധി നാട്ടുകാർ അന്തിമോപചാരമർപ്പിക്കാനെത്തി. വിനിഷയുടെ ഭർത്താവ് ജിതിൻ അപകടനില തരണം ചെയ്തിട്ടില്ല. ജിതിന്റെ അടിയന്തര ശസ്ത്രക്രിയയ്ക്ക് ധനസമാഹരണത്തിന് പഞ്ചായത്ത് ശ്രമം തുടങ്ങി. അമ്മയെ നഷ്ടപ്പെട്ട ആ കുഞ്ഞുങ്ങള്‍ക്ക് ഈ ജീവിതത്തില്‍ തുണയായി അച്ഛനുണ്ടാകണേയെന്ന പ്രാര്‍ത്ഥന മാത്രമാണ് ഇനി ബാക്കിയുള്ളത്...

 
Chennamangalam murder case, the children who lost their mother at this early ages and remain unaware about their lost. :

Chennamangalam murder case, the children who lost their mother at this early ages and remain unaware about their lost. It was last night that three members of a family in Chendamangalam near North Paravur were brutally beaten to death by a neighbor. The police confirm that the accused, Rithu Jayan, does not have any mental health issues.The body was taken to the relative's house for public viewing after the post-mortem and then cremated.